കോട്ടയം: മോഷ്ടാക്കളുടെ ശല്യവും ട്രാഫിക് നിയമലംഘനങ്ങളും തുടർകഥയായതോടെ കോട്ടയം നഗരത്തിൽ ഹൈടെക് കാമറകൾ സ്ഥാനം പിടിച്ചു. നഗരത്തിന്റെ പതിമൂന്ന് പോയിന്റുകളിലാണ് കാമറകൾ സ്ഥാപിച്ചത്. ഇതോടെ കോട്ടയം നഗരം നിരീക്ഷണവലയത്തിലായി.
നാഗമ്പടം ബസ് സ്റ്റാൻഡ്, നാഗമ്പടം പാലം, നാഗമ്പടം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സെൻട്രൽ ജംഗ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം, കളക്ട്രേറ്റ്, മാർക്കറ്റ്, തിരുനക്കര സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടാണ് കാമറകൾ സ്ഥാപിച്ചത്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാമറകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് സർക്കാരിനെ സമീപിച്ചിരുന്നു. പതിമൂന്ന് പോയിന്റുകളിൽ ഒമ്പത് ഇടങ്ങളിൽ 360 ഡിഗ്രിയിൽ കറങ്ങുന്ന ഹൈടെക് കാമറകളാണ് സ്ഥാപിക്കുന്നത്. മറ്റിടങ്ങളിൽ സാധാരണ കാമറയും. കാമറകളുടെ കൺട്രോൾ മുട്ടമ്പലത്തുള്ള പൊലീസ് കൺട്രോൾ റൂമിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൺട്രോൾ റൂമിൽ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങൾ വീക്ഷിക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമായി പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകുമെന്ന് പൊലീസ് ചീഫ് വ്യക്തമാക്കി.
അടുത്തനാളുകളിൽ നഗരത്തിലെ പലയിടങ്ങളിലും മോഷണം വർദ്ധിച്ചിരുന്നു. അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും പതിവായി. കാമറകൾ സ്ഥാപിക്കുന്നതോടെ ട്രാഫിക് നിയമലംഘനം കൈയോടെ പിടികൂടാനാവും. മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണത്തിന് കാമറ ദൃശ്യങ്ങൾ സഹായകരമാവുകയും ചെയ്യും. മുമ്പ് പൊലീസ് ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ മിക്കതും കാലപ്പഴക്കത്തിൽ നശിച്ചു.