കോട്ടയം: തിരഞ്ഞെടുപ്പ് അടുത്തു. സ്ഥാനമോഹികൾ ലക്ഷങ്ങൾ മുടക്കി പി.ആർ. ഏജൻസികളെയും രംഗത്തിറക്കിക്കഴിഞ്ഞു. ഇരിപ്പും നടപ്പും വസ്ത്ര ധാരണവും മാത്രമല്ല ഉന്നയിക്കേണ്ട രാഷ്ട്രീയ വിഷയങ്ങൾ വരെ നിശ്ചയിക്കുന്നത് ഏജൻസികളുടെ സഹായത്തോടെയാണ്.
ഉമ്മൻചാണ്ടിയെ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ കൺവീനർ ആക്കിയതും സ്വകാര്യ ഏജൻസി നടത്തിയ സർവേയെ തുടർന്നാണ്. ഈ മാതൃകയിൽ പല ഏജൻസികളും മണ്ഡലങ്ങളിൽ സ്വകാര്യ സർവേകളും നടത്തിത്തുടങ്ങി. മണ്ഡലത്തിന്റെ പൾസ്, പ്രധാന പ്രശ്നങ്ങൾ, ചർച്ചയാക്കേണ്ട വിഷയങ്ങൾ തുടങ്ങിയവ മനസിലാക്കുകയാണ് ആദ്യ ഘട്ടം. അതനുസരിച്ച് വിഷയങ്ങൾ പ്രചരിപ്പിച്ച് വോട്ട് അനുകൂലമാക്കും. മണ്ഡലത്തിലെ വോട്ടർമാരുടെ പേരും രാഷ്ട്രീയ ചായ്വും വരെ ഏജൻസികൾ ശേഖരിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് അധികമാകാത്തതിനാൽ കാര്യങ്ങൾ ഏളുപ്പവുമാണ്. ഡിജിറ്റൽ കാലം അത്രയ്ക്ക് സജ്ജമാണ് .
വരുന്നു, ഡിജിറ്റൽ വാർ
ലോക്സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രയോഗിച്ചതിനേക്കാൾ കടുത്ത മത്സരമാണ് ഡിജിറ്റൽ പ്രചാരണ രംഗത്ത് ഇക്കുറി. മണ്ഡലത്തെ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിഭജിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊടുക്കും. കാശ് മുടക്കുംതോറും കാമ്പയിന്റെ ശക്തിയും കൂടും.
മൊത്തത്തിൽ എടുക്കുംഅതിരാവിലെ സ്ഥാനാർത്ഥിയെ വിളിച്ചുണർത്തുന്നത് മുതൽ അന്ന് എവിടെയൊക്കെ പ്രചാരണം നടത്തണം, കൂടുതൽ വോട്ടർമാരുള്ള കുടുംബങ്ങൾ ഏതൊക്കെ തുടങ്ങി മുഴുവൻ കൺസൾട്ടൻസി സർവീസും നൽകും. വാട്സാപ്, ഫേസ് ബുക്ക്, എസ്.എം.എസ് വഴി വോട്ടർമാരിലേയ്ക്ക് എത്തിക്കും.
തന്ത്രങ്ങളിൽ നെഗറ്റീവ് പബ്ളിസിറ്റിയും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ ഒരു വാർഡിൽ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പി.ആർ. ഏജൻസി ഒരുക്കിയ സ്ട്രാറ്റജി ഇങ്ങനെ: . ആടി നിൽക്കുന്ന നിഷ്പക്ഷ വോട്ടർമാരുടെ വീടുകളിൽ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ രാത്രി അപവാദങ്ങൾ അച്ചടിച്ച നോട്ടീസ് കൊണ്ടിട്ടു. രാവിലെ ഈ വീടുകളിൽ ദുഖാർത്തനായ സ്ഥാനാർത്ഥി പാഞ്ഞെത്തി. എതിർ വിഭാഗത്തിന്റെ 'ചെയ്തികളെ'ക്കുറിച്ച് പറഞ്ഞു കേൾപ്പിച്ചതോടെ വോട്ടുകൾ പെട്ടിയിലായി. എല്ലാറ്റിനും പിന്നിൽ ഇയാൾ തന്നെയാണെന്ന് വോട്ടർമാർക്ക് മനസിലായതുമില്ല.
ഒരുക്കങ്ങൾ
സൂപ്പർ താര പരിവേഷത്തിൽ സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഡിസൈൻ ചെയ്യും
ആനിമേഷൻ വീഡിയോയും ഷോർട്ട് ഫിലിമും എന്നുവേണ്ട സകലതും തയ്യാറാക്കും
പഴയ ഫേസ് ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി എതിരാളിയെ സമ്മർദ്ദത്തിലാക്കും
വികസനകാര്യങ്ങൾ ഉൾപ്പെടെ ചെറുവീഡിയോകൾ വാട്സാപ്പുകളിൽ പറത്തി വിടും
വോട്ടർമാരെ കൈയിലെടുക്കും വിധം അജണ്ട സെറ്റ് ചെയ്ത് വാർത്തകളാക്കും.
പാക്കേജ്
10 ലക്ഷം
മുതൽ
'' വർഷങ്ങളായി ഈ മേഖലയിൽ സജീവമാണ്. അമേരിക്കയിലെ മേയർ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പി.ആർ. വർക്ക് ചെയ്തിട്ടുണ്ട്. ഇക്കുറി പല മണ്ഡലങ്ങളിലും സിറ്റിംഗ് സീറ്റുകളിൽ വർക്ക് തുടങ്ങിക്കഴിഞ്ഞു''
-സുജിത് കൊന്നയ്ക്കൽ, പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ്