കോട്ടയം: അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്ന് തീപടർന്ന് ഗുരുതരമായ പൊള്ളലേറ്റ യുവതി മരിച്ചു. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീനയാണ് (അമ്മു 19) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം.
ചെമ്പോല പ്രദേശത്തെ കോളനിയുടെ രണ്ടാം തട്ടിലാണ് ജീനയുടെ വീട്. പിതാവ് ജോസും സഹോദരൻ ജിബിനും സഹോദരന്റെ ഭാര്യ ചിന്നുവും ജോലിയ്‌ക്കു പോയിരിക്കയായിരുന്നു. ഈ സമയം വീട്ടിൽനിന്ന് അസ്വാഭാവികമായ നിലവിളി കേട്ട് അയൽവാസിയായ സന്തോഷാണ് ആദ്യം ഓടിയെത്തിയത്. വാതിലുകൾ അകത്തു നിന്നും പൂട്ടിയിരുന്നു. സന്തോഷ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ തീ ആളിക്കത്തുന്നതാണ് കണ്ടത്. ശരീരമാകെ പൊള്ളലേറ്റ് അടുക്കളയിൽ വീണ് കിടക്കുകയായിരുന്നു ജീന. ഫ്രിഡ്ജും മറ്റ് സാധനങ്ങളും കത്തിയ നിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം മിഥുൻ എത്തി സമീപത്തെ പള്ളിയിലെ ആംബുലൻസിൽ ജീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു.
അഗ്‌നിരക്ഷാസേനയോ
പൊലീസോ എത്തിയില്ല
തീപടർന്ന് ജീനയ്ക്ക് പൊള്ളലേറ്റതറിഞ്ഞ് ഒാടിക്കൂടിയ അയൽവാസികൾ ഉടൻ പഞ്ചായത്ത് അംഗങ്ങളായ മിഥുനെയും രജനി സന്തോഷിനെയും അറിയിച്ചു. ഇരുവരും അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും വിളിച്ചു പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ചേർന്നു കൊണ്ടിരിക്കുന്നിടത്തു നിന്നിറങ്ങി മിഥുനും രജനിയും അപകടം നടന്ന വീട്ടിൽ എത്തിയിട്ടും പൊലീസോ അഗ്നിശമന സേനയോ എത്തിയില്ല. തുടർന്ന് മിഥുൻ പൊൻപള്ളി പള്ളിയിൽ ചെന്ന് ആംബുലൻസ് എടുത്തുകൊണ്ടുവന്നാണ് ജീനയെ ആശുപത്രിയിലെത്തിച്ചത്.