വൈക്കം : വടക്കേനടയിലെ രജിസ്ട്രർ ഓഫീസ് വളപ്പിൽ ശിഖരങ്ങളുമായി നില്ക്കുന്ന വലിയ തണൽ മരം റോഡിലേക്ക് ചെരിഞ്ഞ് തുടങ്ങിയത് ഭീഷണി ഉയർത്തുന്നു. സമീപത്തെ പത്ത് വീട്ടുകാർ ചേർന്ന് രജിസ്ട്രാർ ഓഫീസിൽ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. നഗരസഭ 20 ാം വാർഡിൽപ്പെട്ട വടക്കേനട കാലാക്കൽ റോഡ് ഭാഗത്താണ് മരം അപകടനിലയിൽ നില്ക്കുന്നത്. സമീപവാസികൾ കുടിവെളളം ശേഖരിക്കുന്ന പൊതു ടാപ്പ് സ്ഥിതിചെയ്യുന്നത് മരത്തിന്റെ സമീപത്താണ്. കാറ്റ് ഉണ്ടാകുമ്പോൾ മരച്ചില്ലകൾ ആടിയുലയുന്നത് തങ്ങൾക്ക് ഭയമാണെന്ന് സമീപവാസികൾ പറഞ്ഞു. ടൗൺ ഗവൺമെന്റ് എൽ.പി സ്‌കൂളിലേക്കും, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലേക്കും നിരവധി വിദ്യാർത്ഥികൾ ഇതുവഴിയാണ് പോകുന്നത്. ശക്തമായ മഴയത്തും കാറ്റിലും ശിഖരങ്ങൾ ഒടിഞ്ഞു വീഴുമോയെന്നതാണ് ഭയം. ഇത് സംബന്ധിച്ച് തഹസിൽദാർക്കും, നഗരസഭ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ട്.