പാലാ : കേരളത്തിൽ ആദ്യമായി യാചക പുനരധിവാസ പദ്ധതി വിജയകരമായി നടപ്പിലാക്കിയ പാലാ നഗരസഭയുടെ ഹൃദയഭാഗത്ത് യാചകരെ തട്ടിയിട്ടു നടക്കാൻ വയ്യാത്ത അവസ്ഥ. നഗരവീഥികളിലെ ഫുട്പാത്തുകളിലും കടവരാന്തകളിലും എന്നു വേണ്ട മിക്ക കേന്ദ്രങ്ങളിലും നിരവധി യാചകരാണിപ്പോൾ തമ്പടിച്ചിട്ടുള്ളത്. കൊട്ടാരമറ്റം ബസ് ടെർമിനൽ, ജനറൽ ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ്, കിഴതടിയൂർ ബാങ്കിന്റെ ലാബിന് സമീപം, കുരിശുപള്ളി ജംഗ്ഷൻ, കൊട്ടുകാപ്പിള്ളി ബിൽഡിംഗ്സിന് മുൻവശത്തെ ഫുട്പാത്ത്, ടൗൺ ബസ് സ്റ്റാൻഡ്, ളാലം പാലത്തിനു സമീപത്തെ വെയിറ്റിംഗ് ഷെഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരം ,കിഴതടിയൂർ പള്ളി റോഡ് എന്നിവിടങ്ങളിലെല്ലാം ഇവരുടെ ശല്യം രൂക്ഷമാണ്.
കൊവിഡ് കാലത്തും മാസ്കില്ലാതെ
പലർക്കും മാസ്ക്കില്ല. എന്തിന് സാമൂഹ്യ അകലം പോലും പാലിക്കുന്നില്ല. സന്ധ്യയാകുന്നതോടെ ഇവരിൽ ചിലർ മദ്യപിച്ച് ലക്കുകെട്ട്, സ്ത്രീകൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരെ അസഭ്യം പറയുന്നത് പതിവാണ്. എതിർക്കുന്നവരെ കൈയ്യേറ്റം ചെയ്യാനും ശ്രമിക്കും. കുരിശുപള്ളി ജംഗ്ഷനു സമീപം രാപ്പകൽ തങ്ങുന്ന ഒരു വൃദ്ധ സ്ത്രീ വളരെ അവശയാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന ഇവരുടെ അവസ്ഥ ദയനീയമാണ്.
പരസ്യമദ്യപാനം, അടിപിടി
കുട നന്നാക്കൽ, ചെരിപ്പു നന്നാക്കൽ എന്നിവയുടെ മറയിൽ പരസ്യ മദ്യപാനവും അടിപിടിയുമായി കഴിയുന്നവരും, മറ്റ് സാമൂഹ്യ വിരുദ്ധരും നഗരത്തിലുണ്ട്. പാലാ നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രം മരിയ സദനോടനുബന്ധിച്ചാണ് പ്രവർത്തിച്ചു വരുന്നത്. മരിയ സദനിൽ അടുത്തിടെ കൊവിഡ് പടർന്ന് പിടിച്ചതിനാൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടുമുണ്ട്.