വൈക്കം : കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തേയും തൊഴിലാളികളേയും പാടെ അവഗണിച്ച ബഡ്ജറ്റാണ് ധനമന്ത്റി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ യു.ഡി. എഫ് സർക്കാരിന്റെ കാലത്ത് അംഗീകരിച്ച ടോഡി ബോർഡ് എൽ.ഡി.എഫ് ഭരണത്തിന്റെ 5 വർഷത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞില്ല. കള്ള് വ്യവസായം അതിന്റെ തകർച്ചയുടെ നെല്ലിപ്പലകയിലാണ്. മദ്യനയം, കള്ള് വ്യവസായത്തിന് ഒട്ടും ഗുണം ചെയ്യുന്നതല്ല. വിദേശമദ്യത്തിനും ബാറുകൾക്കും പ്രാമുഖ്യം നൽകുന്ന നയമാണ്. ദൂരപരിധിയുടെ കാര്യത്തിലും വീര്യം കൂടിയ മദ്യം വിൽക്കുന്ന ബാറുകൾക്കും വിദേശമദ്യഷാപ്പുകൾക്കും 50 മീറ്റർ മുതൽ 200 മീറ്റർ വരെയാണ്. കള്ള് ഷാപ്പുകൾക്ക് 400 മീറ്ററും. ഓരോ വർഷവും ദൂരപരിധിയുടെ പേരിൽ നിരവധി കള്ള് ഷാപ്പുകളാണ് പൂട്ടുന്നത്. ഈ സാഹചര്യത്തിൽ മറ്റ് പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ബഡ്ജറ്റിൽ നൽകിയ പരിഗണന കള്ള് വ്യവസായത്തിനും നൽകണമെന്നും ടോഡി ബോർഡ് നടപ്പിലാക്കണമെന്നും ദൂരപരിധിയിലൂടെ കള്ളിനോട് കാട്ടുന്ന ഭൃഷ്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.