കോട്ടയം : ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകർന്നപ്പോൾ ആശങ്കകൾ മാത്രം ബാക്കിയായ കുടുംബം ഇന്ന് വീടിന്റെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകൾ മുൻകൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയിൽ ഇല്ലത്തുപറമ്പിൽ ഹംസയ്ക്കും കുടുംബത്തിനും സ്‌നേഹവീടൊരുക്കിയത്. കാഞ്ഞിരപ്പള്ളി സി.ഡി.എസിന് കീഴിലുള്ള 329 കുടുംബശ്രീ യൂണിറ്റുകളിലൂടെ ഒന്നര വർഷം കൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് വീടിനായി ചെലവഴിച്ചതെന്ന് ചെയർപേഴ്സൺ കെ.എൻ.സരസമ്മ പറഞ്ഞു. അവസാന പട്ടികയിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഏറ്റവും അർഹരെന്ന് കണ്ടെത്തിയ കുടുംബത്തെയാണ് വീടു നിർമ്മിച്ചു നൽകാൻ തിരഞ്ഞെടുത്തത്.

വൃക്ക രോഗിയായ ഹംസയ്ക്ക് ഭാര്യയും പ്ലസ് വൺ വിദ്യാർത്ഥിയായ മകനുമാണുള്ളത്. 600 ചതുശ്ര മീറ്റർ വിസ്തീർണമുള്ള വീടിന് കഴിഞ്ഞ വർഷം ജൂലായ് 29 നാണ് തറക്കല്ലിട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ഇന്ന് വീടിന്റെ താക്കോൽ കൈമാറും.