തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന്റെ 133-ാമത് ജന്മദിനവും ബഷീർ കൃതികളായ ന്റുപ്പുപ്പാക്കൊരാനയുണ്ടാർന്നു, മരണത്തിന്റെ നിഴൽ, മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നീ കൃതികളുടെ 70-ാമത് വാർഷികവും ബഷീറിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ബഷീർ കൃതികൾ വായിച്ച് ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി,ബഷീർ അമ്മ മലയാളം,ഫെഡറൽ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ ജന്മനാടായ തലയോലപ്പറമ്പിൽ നടത്തിയ ജന്മദിനാഘോഷ ചടങ്ങിലാണ് ബഷീർ കൃതിയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദും ഖദീജയും ബഷീർ കൃതികൾ വായിച്ചത്. ബഷീർ കുടുംബസമേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിനുളളിൽ നടത്തിയ ചടങ്ങിൽ ബഷീർ ഉപയോഗിച്ചിരുന്ന ചാരുകസേരയും സ്റ്റൂളും ഫെഡറൽ ബാങ്കിന് ഒപ്പിട്ട് നൽകിയ ആധാരത്തിന്റെ പകർപ്പും സാക്ഷികളായി. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്‌സൺ ഡോ.എസ്. ലാലിമോൾ അദ്ധ്യക്ഷത വഹിച്ചു. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻമാരായ പ്രൊഫ.കെ.എസ്. ഇന്ദു,മോഹൻ ഡി ബാബു, എന്നിവർ ബഷീർ കൃതികളെ പരിചയപ്പെടുത്തി. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ആർ.കലാദേവി,സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ,ഡൊമിനിക്‌ചെറിയാൻ, ഡോ:എസ്പ്രീതൻ, ഡി.മനോജ്,അബ്ദുൾആപ്പാഞ്ചിറ,കെ.എം.ഷാജഹാൻ, കെ.ആർ.സുശീലൻ എന്നിവർ പങ്കെടുത്തു.