കുമരകം : കുമരകത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പൈപ്പുവെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. ചന്തക്കവലയ്ക്ക് സമീപമുള്ള ഓവർ ഹെഡ് ടാങ്കിന് ഒരു കിലോമീറ്റർ ചുറ്റളവിന് പുറത്തുള്ള വീട്ടുകാർക്ക് വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നത്. എത്തിയാൽ തന്നെ കുറച്ച് അളവാണ് ലഭിക്കുന്നത്. 10 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ടാങ്കിന് ശേഷി ഉണ്ടെങ്കിലും ചെങ്ങളത്തിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്ന് കുറച്ചു വെള്ളം മാത്രമാണ് എത്തുന്നത്. പൈപ്പ് പല സ്ഥലങ്ങളിലും പൊട്ടിയും വെള്ളം പാഴാകുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ജലം പമ്പ് ചെയ്യുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ടെന്നും അറ്റകുറ്റ പണികൾ നടക്കുന്നുണ്ടെന്നും അസി.എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.