പൊൻകുന്നം : കോടികൾ മുടക്കി നിർമ്മിച്ച മിനി സിവിൽ സ്‌റ്റേഷനിൽ ഓരോ നിലയിലും ആവശ്യത്തിന് ടോയ് ലെറ്റുകളും സ്ഥാപിച്ചു. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് ഒന്നിനും ഒരു കുറവും വരാത്ത വിധം സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും ഒന്നും ആർക്കും പ്രയോജനപ്പെടുന്നില്ല. തുറന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ദുർഗന്ധത്തെ തുടർന്ന് ടോയ്‌ലെറ്റുകൾ പൂട്ടി.

വെള്ളമില്ലാത്തതും വൃത്തിയാക്കാൻ ആളില്ലാത്തതുമായിരുന്നു കാരണം. ഇതിനെതിരെ വ്യാപകമായ പരാതി ഉയരുമ്പോൾ വീണ്ടും തുറക്കും പഴയതുപോലെ നാറുമ്പോൾ വീണ്ടും അടയ്ക്കും. ഇത് പതിവ് പരിപാടിയാണ്. ഇപ്പോോൾ പൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു.

ജീവനക്കാർക്ക് ആശ്വാസം

ഓഫീസുകളിൽ ഇപ്പോൾ ജീവനക്കാർക്കായുള്ള ടോയ്‌ലെറ്റുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ഓഫീസുകളിലെ ക്ലീനിംഗ് ജീവനക്കാർ ശുചിയാക്കും. പൊതുടോയ്‌ലെറ്റുകൾ വൃത്തിയാക്കൽ ഇവരുടെ ചുമതലയല്ല. അതിനായി സംവിധാനം ഒരുക്കിയിട്ടുമില്ല. സിവിൽ സ്റ്റേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ കമ്മിറ്റി ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കളക്ടർക്ക് നിവേദനം നൽകും. താത്ക്കാലിക ജീവനക്കാരെ ഇതിനായി നിയമിക്കണമെന്നാണ് ആവശ്യം.

വെള്ളത്തിനും ക്ഷാമം

സിവിൽ സ്റ്റേഷനിൽ വെള്ളത്തിനും ക്ഷാമമാണ്. യഥാസമയം പമ്പിംഗ് നടത്താനാവുന്നില്ല. വൈദ്യുതി നിലച്ചാൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനും ആളില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കാതിരുന്ന് തകരാറിലായി. അടുത്തിടെ വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാനാകാത്തതിനാൽ രണ്ടു യുവാക്കൾ മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ഫയർഫോഴ്‌സും പൊലീസുമെത്തിയാണ് അവരെ പുറത്തിറക്കിയത്.