ചങ്ങനാശേരി : നഗരസഭ നേരിടുന്ന പ്രധാന പ്രശ്‌നമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നഗരസഭ അദ്ധ്യക്ഷ സന്ധ്യ മനോജ് നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി തിരുവല്ലയിലെ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസിൽ കത്ത് നൽകുന്നതിനും ജലവിതരണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് തിരുവല്ല ഓഫീസിലെത്തി ചർച്ച നടത്തുന്നതിനും തീരുമാനിച്ചു. തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം കാരണം തിരുവല്ലയിൽ നിന്നുള്ള ജലവിതരണം തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ തിരുവല്ലയിലെ കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ട് പരിഹാരമാർഗം തേടും. നഗരസഭയ്ക്ക് അനുവദിച്ച മുഴുവൻ വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ആകെയുള്ള 407 എണ്ണത്തിൽ പകുതിയും പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു.