പൊൻകുന്നം : പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടതിനാൽ യാത്രക്കാർക്ക് താല്ക്കാലിക ഉപയോഗത്തിനായി ബയോടോയ്‌ലെറ്റ് സ്ഥാപിച്ചു. ഇതിനായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ട് ടോയ്‌ലെറ്റുകൾ എത്തിച്ചു. പരിമിതമായ സൗകര്യങ്ങളുള്ളതിനാലാണ് കംഫർട്ട് സ്റ്റേഷൻ പൊളിച്ചുപണിയുന്നത്. പൊട്ടിപ്പൊളിഞ്ഞ ക്ലോസറ്റുകൾ വൃത്തിഹീനമായിരുന്നതിനാൽ പൂർണമായും പൊളിച്ചുനീക്കി. ടൈലുകൾ പോലും ഇളക്കിനീക്കി പൂർണ്ണമായി പുനർനിർമ്മാണമാണ് നടത്തുന്നത്. എയർപോർട്ടുകളിലെ ടോയ്‌ലെറ്റുകളുടെ സൗകര്യങ്ങളോടെയാണ് പുതിയത് നിർമ്മിക്കുന്നത്. ഇതിന് ഒരുമാസത്തെ കാലതാമസം വരും. ദിവസവും മുന്നൂറിലേറെ ബസുകൾ എത്തുന്ന സ്റ്റാൻഡിൽ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിന് തടസമുണ്ടാകാതിരിക്കാൻ പഞ്ചായത്ത് കമ്മിറ്റി താത്ക്കാലിക സംവിധാനമെന്ന ആശയം പരീക്ഷിക്കുകയാണ്. 21,000 രൂപ ചെലവിട്ടാണ് ഒരുമാസത്തേക്ക് ബയോ ടോയ്ലെറ്റ് സ്ഥാപിക്കുന്നത്.