അടിമാലി: അടിമാലി കല്ലാർകുട്ടിയിൽ ടാർമിക്സുമായി എത്തിയ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ച് കയറി ,മൂന്ന് പേർക്ക് പരിക്ക്.ലോറി ഡ്രൈവറായ വിഷ്ണു, വ്യാപാരശാലകളുടെ വരാന്തയിൽ നിന്നിരുന്ന കല്ലാർകുട്ടി സ്വദേശിയായ തുരുത്തേൽ അഭിലാഷ്, ഈന്തുങ്കൽ രവി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.വ്യാഴാഴിച്ച രാവിലെ 9 മണിയോടെ കല്ലാർകുട്ടി ടൗണിലായിരുന്നു അപകടം .ആനച്ചാൽ വെള്ളത്തൂവൽ റോഡിന്റെ നിർമ്മാണ ജോലികൾക്കാവശ്യമായ ടാർ മിക്സുമായി അടിമാലി ഭാഗത്തു നിന്നെത്തിയ ലോറി ടൗണിൽ നിന്നും വെള്ളത്തൂവൽ ഭാഗത്തേക്കുള്ള വളവ് തിരിയും മുമ്പെ നിയന്ത്രണം നഷ്ടമായി പാതയോരത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.നിയന്ത്രണം നഷ്ടമായതോടെ ലോറി എതിർ ദിശയിൽ നിന്നും വന്ന ഒരു ജീപ്പിലും കാറിലും ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ മൂന്ന് വ്യാപാരസ്ഥാപനങ്ങളുടെ മുൻഭാഗം പൂർണ്ണമായി തകർന്നു.ഒരു ലോട്ടറിക്കടയും മലഞ്ചരക്ക് കടയും ബാർബർഷോപ്പുമായിരുന്നു ഇവിടെ പ്രവർത്തിച്ച് വന്നിരുന്നത്. ലോറി പാഞ്ഞ് വരുന്നത് കണ്ട് ചിലർ ഓടി മാറിയതിനാൽ കൂടുതൽ അപകടം ഒഴിവായി.ലോറി ഇടിച്ച് തെറിപ്പിച്ച ജീപ്പിന്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു.വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ച് കയറി ശേഷം ലോറി ദേശിയ പാതക്ക് കുറുകെ നിന്നു. ഇതോടെ കട്ടപ്പന, പണിക്കൻകുടി,മുരിക്കാശ്ശേരി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും പ്രദേശവാസികളുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അപകടത്തിൽപ്പെട്ട ലോറി നീക്കി ഗതാഗതം പുനസ്ഥാപിക്കാനായത്.