കട്ടപ്പന: വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറിയ അജ്ഞാതൻ കോളിംഗ് ബെൽ തുടർച്ചയായി അടിച്ച് കുടുംബാംഗങ്ങളെ ആശങ്കയിലാഴ്ത്തി. വണ്ടൻമേട് ചേറ്റുകുഴി ചാവിക്കാനം ആലുങ്കൽ മനോജിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അജ്ഞാതൻ എത്തിയത്. മുറ്റത്തുണ്ടായിരുന്ന ചരിപ്പുകൾ പരിശോധിച്ചശേഷം തുടർച്ചയായി കോളിംഗ് ബെൽ മുഴക്കുകയും കതകിലും ജനാലകളിലും ശക്തിയായി ഇടിക്കുകയും ചെയ്തു.
മനോജിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ അയൽവാസികളെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഉടൻതന്നെ ഇയാൾ റോഡിലേക്കിറങ്ങി രക്ഷപ്പെട്ടു. പ്രദേശവാസികൾ വാഹനങ്ങളിൽ പോയി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇങ്ങനെ ഒരാളെ ഇതിന് മുമ്പ് കണ്ടിട്ടിലെന്നാണ് നാട്ടുകാർ പറയുന്നത്.