ems

കോട്ടയം :1939 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടിരുന്നെങ്കിലും 1957ൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ രംഗത്തു സംഭവിച്ച അത്ഭുതമായാണ് ലോകം നോക്കിക്കണ്ടത്.

മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ചക്കുള്ളിൽ കുടിയൊഴിപ്പിക്കൽ നിരോധനനിയമം നടപ്പിൽ വരുത്തി. താമസിക്കുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നത് ഈ നിയമം മൂലം തടയപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് സമൂല മാറ്റങ്ങൾ വരുത്താൻ കൊണ്ടു വന്നതായിരുന്നു 1957ലെ വിദ്യാഭ്യാസ ബിൽ . 9000 വിദ്യാലയങ്ങളിൽ പാതിയും അന്നു സ്വകാര്യ മേഖലയിലായിരുന്നു. സർക്കാരിൽ നിന്നു കിട്ടുന്ന പണം സ്വകാര്യ മാനേജ്മെന്റുകൾ വക മാറ്റുകയും അദ്ധ്യാപകർക്ക് നക്കാപ്പിച്ച ശമ്പളം കൊടുക്കുകയും ചെയ്തിരുന്ന രീതിയിൽ മാറ്റം വരുത്താൻ ബിൽ ലക്ഷ്യമിട്ടു. നിയമമനുസരിക്കാത്ത സ്കൂളുകൾ പിടിച്ചെടുക്കാനുള്ള അധികാരം ബില്ലിലുണ്ടായിരുന്നു. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പാക്കാനുള്ള നീക്കവും നടത്തി. ഇത് വിദ്യാഭ്യാസ കച്ചവടക്കാരുടെ എതിർപ്പിന് വഴിയൊരുക്കി.

കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിൽ സമൂല മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നു മന്ത്രി കെ.ആർ ഗൗരിയമ്മ അവതരിപ്പിച്ച കാർഷിക ബന്ധ ബിൽ. കർഷകന് ഭൂമിയിൽ സ്ഥിരാവകാശം, കുടിയാന് മര്യാദപ്പാട്ടം, ഭൂവുടമസ്ഥതയ്ക്ക് പരിധി, കൃഷിക്കാർക്ക് കൈവശ ഭൂമി ഉടമസ്ഥനിൽ നിന്നും ന്യായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവകാശം എന്നിവ ഭൂപരിഷ്കരണ ബില്ലിന്റെ പ്രധാന ഘടകങ്ങളായിരുന്നു.

വ്യവസായമേഖലയിൽ മുതലാളി തൊഴിലാളി ബന്ധം കൂടുതൽ ദൃഢവും സുതാര്യവും ആക്കാൻ അവതരിപ്പിച്ചതായിരുന്നു വ്യവസായ ബന്ധ ബിൽ. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പുലർത്തിയതിന്റെ ഫലമായി കൂടുതൽ ആതുരാലയങ്ങൾ തുറന്നു. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോടും മെഡിക്കൽ കോളേജ് വന്നു .

ചുരുങ്ങിയ നിരക്കിൽ ഭക്ഷ്യപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന് റേഷൻ സമ്പദായം തുടങ്ങി.

വിദ്യാഭ്യാസ കാർഷിക വ്യാവസായിക മേഖലയിലെ പരിഷ്കാരങ്ങൾ സ്വകാര്യ മേഖലയെ തകർത്ത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ഭയന്ന് ചില സംഘടിത മത വിഭാഗങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞതാണ് വിമോചന സമരമായി വളർന്നതും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പുറത്താക്കലിൽ കലാശിച്ചതും.