കോട്ടയം: മറയൂർ ചന്ദനലേലത്തിൽ റെക്കാർഡ് വില്പന. രണ്ടു ദിവസങ്ങളിലായി നടന്ന നാലു ലേലത്തിൽ ഖജനാവിൽ എത്തിയത് 37.28 കോടി രൂപ. ഇതിൽ 7.55 കോടി രൂപ ടാക്സാണ്. ഇക്കുറിയും ഏറ്റവും കൂടുതൽ ചന്ദനം ലേലത്തിൽ പിടിച്ചത് കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ് കമ്പനിയാണ്. 30 കോടി രൂപയുടെ ചന്ദനമാണ് അവർ മാത്രം വാങ്ങിയത്. 29 ടൺ ചന്ദനമാണ് ഇവർ വാങ്ങിയത്. ഈ സാമ്പത്തിക വർഷത്തിൽ ആകെ 76 കോടി രൂപയാണ് സർക്കാർ ഖജനാലിൽ ലഭിച്ചത്.
16 ക്ലാസുകളിലായി 101.6 ടൺ ചന്ദനമാണ് ലേലത്തിൽ വച്ചത്. ഇതിൽ 41.67 ടൺ രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തിൽ വിറ്റുപോയിയെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ. ബി. രഞ്ചിത്ത്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ജി വിനോദ്കുമാർ എന്നിവർ വ്യക്തമാക്കി.
ആദ്യ ദിവസം നടന്ന ലേലത്തിൽ 31.13 കോടി രൂപയുടെ ചന്ദനമാണ് വിറ്റുപോയത്. വിലായത്ത് ബുദ്ധ ഇനത്തിൽപ്പെട്ട ഒന്നാം ക്ലാസ് ചന്ദനത്തിന് കിലോയ്ക്ക് 19,030 രൂപ ലഭിച്ചു. ഇതിനാണ് കൂടിയ വില ലഭിച്ചത്. ഏറ്റവും കുറഞ്ഞ വില ലഭിച്ചത് ക്ലാസ് പതിനഞ്ച് ഇനത്തിൽപ്പെട്ട സാപ്വുഡ് ചിപ്പ്സിനാണ്. കോട്ടക്കൽ ആര്യവൈദ്യശാല, നെടുപറമ്പിൽ ക്ഷേത്ര ദേവസ്വം, ഔഷധി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു.