election

കോട്ടയം : 1957ൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആറ് ദിവസം കൊണ്ടാണ് പൂർത്തിയായത്. 65.49% ആയിരുന്നു പോളിംഗ്.

പത്തു ശതമാനം സംവരണം ഉറപ്പാക്കാൻ പന്ത്രണ്ടിടത്ത് ദ്വയാംഗ മണ്ഡലങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടി ചേർത്ത് 126 സീറ്റിലേക്ക് പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു. തിരഞ്ഞെടുപ്പ് . പതിനൊന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും ഒരു സീറ്റ് പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. ഫലപ്രഖ്യാപനത്തിന് ഇരുപതു ദിവസം വേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 124 ൽ 65 സീറ്റാണ് പാർട്ടിക്ക് കിട്ടിയത്. മറ്റ് കക്ഷി നില കോൺഗ്രസ് 43, പി.എസ്.പി 9, മുസ്ലീം ലീഗ് 8, സ്വതന്ത്രൻ 1 .

1959 ജൂലായ് 31 ന് ഇ.എം.എസ് സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നത് 1960ലാണ്. കമ്യുണിസ്റ്റ് പാർട്ടി 108 സീറ്റിൽ മത്സരിച്ചെങ്കിലും 29 ലേ വിജയിച്ചുള്ളൂ. 83 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ 63 സീറ്റിൽ ജയിച്ചു. പി.എസ്.പി 33 ഇടത്ത് മത്സരിച്ച്, 20 ൽ വിജയിച്ചു. മുസ്ലീം ലീഗിന് 12 ൽ 11 ഇടത്തു വിജയം. കോൺഗ്രസും പി.എസ്.പിയും ചേർന്ന് സർക്കാർ രൂപീകരിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. ഈ മന്ത്രിസഭയ്ക്ക് 947 ദിവസം കൊണ്ട് ഭരണം അവസാനിപ്പിക്കേണ്ടി വന്നു .

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് അധികാരത്തിൽ വന്നുവെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. കേരളം മുന്നണി ഭരണത്തിലേക്ക് നീങ്ങിയതിന്റെ തുടക്കം 1960 ലാണ്.