കോട്ടയം : തിരുവല്ല മുത്തൂരിൽ നിന്ന് മോഷ്‌ടിച്ച സ്‌കൂട്ടർ നഗരമദ്ധ്യത്തിലെ മാർക്കറ്റിൽ താക്കോൽ സഹിതം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മാർക്കറ്റിനുള്ളിൽ അസ്വാഭാവികമായ സാഹചര്യത്തിൽ സ്കൂട്ടർ പാർക്ക് ചെയ്‌തിരിക്കുന്ന വിവരം നാട്ടുകാരാണ് കൺട്രോൾ റൂം പൊലീസിനെ അറിയിച്ചത്. എ.എസ്.ഐ ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നസീം, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ വാഹനത്തിന്റെ നമ്പർ ശേഖരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് മുത്തൂർ മാലിയിൽ പുത്തൻപറമ്പിൽ രാജലക്ഷ്മി കെ. ആചാരിയുടെ സ്‌കൂട്ടറാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം ഡിവൈ.എസ്.പി. ആർ ശ്രീകുമാറിനെയും, വെസ്റ്റ് സി.ഐ എം.ജെ അരുണിനെയും, ട്രാഫിക് എസ്.ഐ അനൂപ് ജി നായരെയും അറിയിച്ചു. തിരുവല്ല പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം മുത്തൂരിലെ രാജലക്ഷ്‌മിയുടെ വീടിനു മുന്നിൽ നിന്ന് മോഷണം പോയ സ്‌കൂട്ടറാണെന്ന് കണ്ടെത്തിയത്. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ളവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥിരം മോഷ്ടാക്കളിൽ ഓരാളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ല പൊലീസ് കേസെടുത്തു.