അടിമാലി: പഴയ ന്യൂസ് പേപ്പർ അഭിനവ് എന്ന ഏഴാം ക്ലാസ്സുകാരന്റെ കൈകളിലെത്തുമ്പോൾ തീവണ്ടിയും, സൈക്കിൾ റിക്ഷയും പൂവും പൂമ്പാറ്റയുമെല്ലാമായി മാറും. കൊവിഡ് കാലത്ത് വീണ് കിട്ടിയ ഒഴിവു സമയങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ ഈ മാങ്ങാതൊട്ടി സ്വദേശിയുടെ കരവിരുതിന് മാറ്റുകൂട്ടി. വീട്ടിലിരുന്നുള്ള പഠനത്തിന് ശേഷം യൂറ്റൂബിന്റെ സഹായത്തോടെ അഭിനവ് പേപ്പർ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ആരംഭിച്ചു. ആദ്യം യൂറ്റൂബിൽ കണ്ടവ മാത്രം നിർമ്മിച്ചു. വൈകാതെ ഈ കൊച്ചുമിടുക്കന്റെ ഭാവനക്ക് ചിറക് മുളച്ചതോടെ കൂടുതൽ കരകൗശല വസ്തുക്കൾ പിറവിയെടുത്തു.നേരം പോക്കിന് തുടങ്ങിയ കാഴ്ച്ച വസ്തുക്കളുടെ നിർമ്മാണം അഭിനവിന്റെ ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞു.പേപ്പറുകൾ ചെറുതായി ചുരുട്ടിയെടുത്താണ് അഭിനവ് ഓരോ വസ്തുക്കളും നിർമ്മിക്കുന്നത്. ചിലത് നിർമ്മിക്കാൻ ആഴ്ചകൾ വേണ്ടിവന്നു. മകന് പ്രോത്സാഹനം നൽകി അച്ചൻ സിജുവും അമ്മ സുസ്മിതയും ഒപ്പമുണ്ട്. ഇനിയും മിഴിവാർന്ന വസ്തുക്കൾ നിർമ്മിച്ച് മുമ്പോട്ട് പോകാനുള്ള തീരുമാനത്തിലാണ് ഈ കൊച്ചുകലാകാരൻ.