അടിമാലി: കാലവർഷക്കെടുതികളിൽ തകർന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ പാറക്കുടിയിലേക്കുള്ള പാലം പുനർ നിർമ്മിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി.പാറക്കുടിയിലെ ആദിവാസി കുടുംബങ്ങൾ തോമാച്ചൻകട ഭാഗത്തേക്കെത്തെത്താൻ ഉപയോഗിച്ച് വരുന്ന നടപ്പു വഴിയുടെ ഭാഗമായിട്ടായിരുന്നു കരിന്തിരി പുഴയ്ക്ക് കുറുകെ പാലം ഉണ്ടായിരുന്നത്. പ്രളയം തകർത്തത് ഇവരുടെ പരിമിതമായ യാത്രാ സൗകര്യംകൂടിയായിരുന്നു. 2018ലെ പ്രളയത്തിൽ പാലം ഭാഗികമായും തൊട്ടടുത്ത മഴക്കാലത്ത് പുഴയിൽ വെള്ളമുയർന്നതോടെ പാലം പൂർണ്ണമായും ഒലിച്ചു പോയി.കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റ കൊണ്ട് താൽക്കാലിക പാലം തീർത്തായിരുന്നു ഇക്കഴിഞ്ഞ മഴക്കാലത്ത് കുടുംബങ്ങൾ യാത്ര സാദ്ധ്യമാക്കിയത്.നാട്ടിൽ കോടികൾ മുടക്കി പാലങ്ങൾ നിർമ്മാണം നടക്കുന്ന കാലത്ത് ഇവർക്ക് ഈറ്റ കൊണ്ട് താൽക്കാലിക പാലത്തിനപ്പുറം ഇനിയും സ്വപ്നം കാണാനാവില്ല. വരുന്ന മഴക്കാലത്തിന് മുമ്പ് പുതിയൊരു പാലം നിർമ്മിക്കാൻ ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വേനൽക്കാലമാകുന്നതോടെ പുഴയിൽ വെള്ളം താഴുകയും പുഴയിലൂടെ ഇറങ്ങി അക്കരയിക്കരെയെത്താൻ സാഹചര്യമൊരുങ്ങുകയും ചെയ്യും.ഇരുപതിനടുത്ത ആദിവാസി കുടുംബങ്ങൾ പാറക്കുടിയിൽ താമസിച്ച് പോരുന്നുണ്ട്.റേഷൻകടയിലേക്കെത്താൻ ഉൾപ്പെടെ കോളനിക്കാർ ആശ്രയിച്ച് പോരുന്ന പാതയിലായിരുന്നു ഒഴുകിപ്പോയ പാലം സ്ഥിതി ചെയ്തിരുന്നത്. വേനൽകാലത്ത് ബുദ്ധിമുട്ടില്ലാതെ യാത്രസാദ്ധ്യമാകുമെങ്കിലും മഴകാലത്ത് തങ്ങൾ നിർമ്മിക്കുന്ന താൽക്കാലികപാലത്തിലൂടെ കാട്ടാറിന് മുകളിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാണെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു.