വൈക്കം : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടക്കുന്ന പുരയിടങ്ങളിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു. വൈക്കം നഗരസഭ, കൃഷിഭവൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനാവശ്യമായ ബോധവത്ക്കരണവും പരിശീലനവും നല്കി പുരയിട ഉടമകളെ പ്രാപ്തരാക്കും .

ഒന്നാം വാർഡിൽ ഉദയനാപുരം ശ്രീകൃഷ്ണപുരം വാരിയത്ത് ആർ.ശ്രീകുമാറിന്റെ രണ്ട് ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുരയിടത്തിലെ പച്ചക്കാടുകൾ വെട്ടി നീക്കി സ്ഥലം കൃഷിക്ക് യോഗ്യമാക്കി . ഇവിടെ ജൈവ കീടനാശിനിയും ജൈവ വളങ്ങളുമുപയോഗിച്ച് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കും. പച്ചമുളക്, പയർ, വെണ്ട, പടവലം, ചീര, തക്കാളി, വഴുതന, പാവക്ക, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ സംഘടിപ്പിച്ച് കൂടുതൽ മേഖലകളിൽ കൃഷി നടത്താനും പദ്ധതിയുണ്ട്.

പദ്ധതി നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ. അയ്യപ്പൻ, കെ. പി. സതീശൻ, രാജശ്രീ വേണുഗോപാൽ, സിന്ധു സജീവൻ, പി. എസ്. രാഹുൽ, പ്രീതാ രാജേഷ്, ബിന്ദു ഷാജി, രാധിക എസ്. ശ്യാം, ബി. രാജശേഖരൻ, ബിജിമോൾ, ശ്യാം മോഹൻ, ഓവർസീയർ സൗമ്യ ജനാർദനൻ, പി. കെ. വി. വൈ. പ്രസിഡന്റ് കെ. പി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.