വൈക്കം : നിയോജകമണ്ഡലത്തിൽ 2018 ലെ മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനരുദ്ധാരണത്തിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരമുള്ള തുക പൂർണമായും ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്റിയും റവന്യു മന്ത്റിയും ഉറപ്പുനൽകിയതായി സി.കെ.ആശ എം.എൽ.എ അറിയിച്ചു. വൈക്കം മണ്ഡലത്തിലെ തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീടുകൾക്ക് കാലതാമസം കൂടാതെ ധനസഹായം പ്രഖ്യാപിച്ചു. വീടുതകർന്ന വ്യക്തികൾ ആദ്യഗഡു ധനസഹായം കൈപ്പ​റ്റി പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും കിട്ടേണ്ട തുടർധനസഹായം ലഭിക്കാതിരുന്നതിനാൽ ഭൂരിഭാഗം വീടുകളുടെയും പുനർനിർമാണ ജോലികൾ നിലച്ചിരുന്നു.

വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രഖ്യാപിക്കപ്പെട്ട ധനസഹായം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ആവശ്യപ്പെട്ട മുഴുവൻ തുകയും അനുവദിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് റവന്യു മന്ത്റി മറുപടി പറഞ്ഞു. അടിയന്തിരമായി തുക അനുവദിക്കാമെന്ന് മുഖ്യമന്ത്റിയും ഉറപ്പുനൽകിയതായി എം.എൽ.എ പറഞ്ഞു.