ചങ്ങനാശേരി: വേനൽ ചൂട് കടുത്തതോടെ കരിക്ക് വിപണി സജീവമായി. പാതയോരങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും എല്ലാം തന്നെ കരിക്ക് (ഇളനീർ) വ്യാപാരം തകൃതിയായി നടക്കുന്നു. വാഹനങ്ങളിലും ചെറിയ തട്ടുകൾ ക്രമീകരിച്ചുമാണ് വിൽപ്പന. എ.സി.റോഡ്, എം.സി റോഡ്, വാഴൂർ റോഡ്, റെയിൽവേ റോഡ്, ബൈപ്പാസ് റോഡുകൾ എന്നിവിടങ്ങളിലെല്ലാം കരിക്ക് കച്ചവടക്കാരെ കാണാം.
ഇനമനുസരിച്ച് ഒന്നിന് 30 മുതൽ 50 രൂപ വരെ വില വരും. പാലക്കാട് നിന്നാണ് കൂടുതൽ കരിക്ക് എത്തുന്നത്. പാലക്കാടൻ കരിക്കിന് 40 രൂപ വിലവരുമ്പോൾ ചെന്തെങ്ങിന് 50 രൂപയാണ് വില. കൂടുതൽ ഡിമാൻഡ് ചെന്തെങ്ങിനാണെന്ന് കച്ചവടക്കാർ പറയുന്നു.
സുരക്ഷിതമായ പാനീയം
കൊവിഡ് കാലമായതിനാൽ കൈകൊണ്ട് തൊടാതെ ലഭിക്കുന്ന ശീതളപാനീയം എന്നതാണ് കരിക്കിനെ ജനപ്രിയമാക്കുന്നത്. മറ്റ് ശീതളപാനീയങ്ങളേക്കാൾ വില അൽപ്പം കൂടുതലാണെങ്കിലും സുരക്ഷിതത്വം മുൻ നിർത്തി പലരും ഇതുതന്നെ വാങ്ങും. കാറിലും മറ്റും പോകുന്ന ദീർഘദൂര യാത്രികരാണ് കൂടുതൽ കരിക്കിന്റെ ആവശ്യക്കാർ. തിരക്കില്ലാത്തയിടങ്ങളിലെ കരിക്ക് കടങ്ങളിൽ വാഹനം നിർത്തി കുടിച്ചിട്ടു പോകാൻ എളപ്പവുമാണ്. ദാഹമകറ്റുന്നതിനൊപ്പം ഇളം കാമ്പ് കഴിച്ച് വിശപ്പടക്കാമെന്നതും കരിക്കിന്റെ സവിശേഷതയാണ്.
വില ഒന്നിന് 30 രൂപ
കരിക്കിന്റെ ഗുണങ്ങൾ
പ്രതിരോധശേഷി കൂട്ടും
തടി കറയ്ക്കാൻ നല്ലത്
കിഡ്നി ശുദ്ധീകരിക്കും
ത്വക്ക് രോഗം കുറയ്ക്കും
വയറ് ശുദ്ധീകരിക്കും
'കൊവിഡ് പ്രതിസന്ധി മൂലം ഫയർ ആൻഡ് സേഫ്റ്റി മേഖലയിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് റെയിൽവേ ബൈപ്പാസ് റോഡിൽ കരിക്ക് കച്ചവടം ആരംഭിച്ചത്. തണ്ണീർമത്തൻ, കരിമ്പന കരിക്ക് , കൈതച്ചക്ക, കരിമ്പ് തുടങ്ങിയവയുടെ കച്ചവടവും ഇടയ്ക്ക് നടത്തും.'
- ബിബിൻ, കരിക്ക് കച്ചവടക്കാരൻ.