പാലാ : നഗരത്തിൽ തമ്പടിച്ച് പകർച്ചവ്യാധി ഭീഷണി ഉൾപ്പെടെ സൃഷ്ടിക്കുന്ന യാചകരെ പിടികൂടാൻ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും സംഘവും ഇന്നലെ നഗരത്തിലിറങ്ങി. "ഓപ്പറേഷൻ സംരക്ഷൺ'' എന്ന് പേരിട്ട റെയ്ഡിലൂടെ പത്തോളം യാചകരെ പിടികൂടി കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പാലാ മരിയ സദനിൽ എത്തിച്ചു. ഇവിടെയാണ് നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. യാചകശല്യം കൂടുന്നതായി കാട്ടി ഇന്നലെ 'കേരളകൗമുദി " പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നഗരസഭാധികൃതരുടെ അടിയന്തര ഇടപെടൽ.

ചെയർമാൻ ആന്റോ ജോസ്, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ ഇന്നലെ രാവിലെ അടിയന്തിര യോഗം ചേർന്ന് " ഓപ്പറേഷൻ സംരക്ഷണിന് രൂപം നൽകുകയായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, പൊലീസ് എന്നിവരുടെ സഹകരണവും ലഭിച്ചു. ഇന്നലെ കേരളകൗമുദിയുടെ റിപ്പോർട്ടിനൊപ്പം ചേർത്തിരുന്ന ചിത്രത്തിൽ ഉൾപ്പെട്ട രണ്ട് യാചകരെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 8 പേരെ കൂടി പിടികൂടി.
ടൗൺ ബസ് സ്റ്റാൻഡിൽ സംഘം എത്തുന്നതു കണ്ട് ചില യാചകർ കടന്നുകളഞ്ഞു. കൊവിഡ് ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായാൽ എത്തിക്കുന്ന യാചകരെ സംരക്ഷിക്കാമെന്ന് മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫ് ചെയർമാനെ അറിയിച്ചിരുന്നു.

ലക്ഷ്യം യാചകമുക്ത നഗരം

വരും ദിവസങ്ങളിലും ഓപ്പറേഷൻ സംരക്ഷൺ തുടരുമെന്ന് ചെയർമാൻ പറഞ്ഞു. യാചകരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യത്വപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാലായെ സമ്പൂർണ്ണ യാചകമുക്ത നഗരമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.