kam

കോട്ടയം : സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കുട്ടനാടിന്റെ ചരിത്രകാരനുമായ എൻ.കെ.കമലാസനൻ 92ന്റെ പടികൾ കയറുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി ഭരണ കൂട ഭീകരതയ്ക്കെതിരെ പോരാടി പല തവണ പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് ഇരയായി, കർഷക നേതാവും ഗ്രന്ഥകാരനുമായ വളർന്ന സംഭവബഹുലമായ ജീവിതകഥയാണ് കമലാസനന്റേത്.

1930 ജനുവരി 26 ന് കുട്ടനാട് പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ചു എട്ടുമാസത്തിലേറെ ജയിൽ വാസമനുഭവിച്ചതോടെ സ്കൂളിൽ നിന്നു പിരിച്ചു വിട്ടു. സംസ്ഥാനത്ത് ഒരു സ്കൂളിലും പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ നിരോധന ഉത്തരവിറക്കിയതോടെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് പ്രൈവറ്റായി പഠിച്ചു. മങ്കൊമ്പിൽ ഒരു പരിപാടിക്കെത്തിയ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് മർദ്ദനമേൽക്കേണ്ടി വന്നു. 1950ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 14വർഷം തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. 1959 ൽ വിമോചന സമരക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റു. കോട്ടയം ജില്ലാ കർഷക തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി പെൻഷൻ അനുവദിക്കുന്ന സർക്കാർ കമ്മിറ്റി അംഗമായിരുന്നു .

കുട്ടനാടും കർഷക തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടൻ ഓർമ്മകൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്ന മണ്ണ് , കമ്മ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണൻനായർ (ജീവചരിത്രം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. കുട്ടനാടും കർഷക തൊഴിലാളി പ്രസ്ഥാനവും എന്ന പുസ്തകത്തിലെ ഭാഗങ്ങൾ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഡോക്യുമെന്ററി കേരളകൗമുദി ചാനലിൽ സംപ്രേക്ഷണം ചെയ്തു. കൊടുപ്പുന്ന സ്മാരക അവാർഡ്, സി.കെ.വിശ്വനാഥൻ പുരസ്കാരം എം.ടി ചന്ദ്രസേനൻ പുരസ്കാരം അടക്കം 28 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ : കെ.ജി.ശാന്തമ്മ (റിട്ട. ഖാദി ബോർഡ് ഉദ്യോഗസ്ഥ ). മക്കൾ : ബീന, ബീജു, ബിനു.