കോട്ടയം : അപ്രതീക്ഷിത മഴമാറിയിട്ടും പാടത്തെ വെള്ളമിറങ്ങാത്തതിനാൽ ദുരിതത്തിലാണ് കർഷകർ. അയർക്കുന്നം, മണർകാട് , വിജയപുരം പഞ്ചായത്തുകളിലെ നൂറുകണക്കിന് കർഷകർക്കാണ് അപ്രതീക്ഷിത ഇരുട്ടടി. വെള്ളം ഇറങ്ങാൻ വൈകിയതിനെത്തുടർന്ന് മൂന്നു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വടവാതൂർ മാലം കരിക്കോട്ടുമൂല പാടശേഖരത്തിലെ 70 ഏക്കറിലെ നെൽകൃഷി നശിച്ചു, അത്രയും തന്നെ കൃഷിയ്ക്ക് ഒരുക്കിയ സ്ഥലവും നശിച്ചു. വിതച്ച് ഏതാനും ദിവസമായ നെല്ലുമുതൽ വെള്ളത്തിൽ മുങ്ങി ചീഞ്ഞു. വെള്ളമൊഴുക്കിവിടാൻ പരമാവധി ശ്രമിച്ചെങ്കിലും കാര്യമായി കുറയുന്നില്ല. സാധാരണ, പാടശേഖരങ്ങളിൽ വെള്ളം കുറഞ്ഞു തുടങ്ങുന്ന സമയത്താണ് ഇത്തവണ വെള്ളം ഇറങ്ങാതെ കിടക്കുന്നത്. ഏക്കറിന് 10000 മുതൽ 15000 വരെ ചെലവായെന്ന് കർഷകർ പറയുന്നു.
കടംവാങ്ങി കൃഷിയിറക്കി പക്ഷെ...
പണയം വച്ചും കടം വാങ്ങിയും സ്വരൂപിച്ച പണമാണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. വർഷങ്ങളായി തരിശു കിടന്നിരുന്ന പാടശേഖരങ്ങളിൽ മീനച്ചിലാർ- മീനന്തറയാർ- പുനർസംയോജനത്തിന്റെ ഭാഗമായാണ് കൃഷിയിറക്കിയത്.ആദ്യ സീസണിൽ പ്രതീക്ഷിച്ച വിളവു ലഭിച്ചിരുന്നില്ല, പിന്നാലെയാണ് ഇത്തവണ അപ്രതീക്ഷിത മഴ വില്ലനായത്.
പ്രദേശത്തെ 200 ഏക്കറ്റിൽ നെൽച്ചെടികൾക്ക് കുഴപ്പമില്ല. ജില്ലയിൽ വ്യാപകമായി നാശമുണ്ടാകാത്തതിനാൽ സർക്കാരിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാനുള്ള സാദ്ധ്യതയും കുറവാണ്. എത്രയും വേഗം വെള്ളം വറ്റിച്ചു മൂപ്പു കുറഞ്ഞ വിത്തു വിതയ്ക്കാനുള്ള ശ്രമത്തിലാണു കർഷകർ.ചൂട് കൂടിയിട്ടും വെള്ളംകാര്യമായി വറ്റുന്നുമില്ല.