കുമരകം: കവയിത്രിയും സുഗതകുമാരിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹരിതാഭമാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവിധ ഫലവൃക്ഷ തൈകൾ സ്കൂൾ വളപ്പിൽ നട്ടു. വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.ജി. ജയലക്ഷ്മി ആദ്യതൈ നട്ട് ഹരിത സസ്യങ്ങൾ സമ്മാനിച്ചു. സ്കൂൾ പരിസരത്തെ തേന്മാവ് സുഗതകുമാരിയുടെ ഓർമ്മയ്ക്കായ് 'ഓർമ്മ മരം' എന്ന പേരിൽ പ്രത്യേകം സംരക്ഷിക്കും. 'മരത്തിന് സ്തുതി' എന്ന കവിതയിലെ വരികൾ പ്രത്യേകം ആലേഖനം ചെയ്ത് മരത്തിന് സമീപത്തായി സ്ഥാപിച്ചു. ഹരിതസേന അംഗങ്ങളായ ഗൗരി നന്ദനയും ശിവഗംഗയും സുഗതകുമാരിയുടെ കവിതകളുടെ ആലാപനം നടത്തി. ശ്രീകുമാര മംഗലം ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം.ഇന്ദു അദ്ധ്യക്ഷത വഹിച്ചു. പി.ടി.ആനന്ദൻ ആശംസ നേർന്നു. കൃഷി വിജ്ഞാന കേന്ദ്രം ഉദ്യോഗസ്ഥ സംഗീത, അദ്ധ്യാപകരായ പി.ആർ.പ്രസീത, പി.ജെ.ജിഷൈല, അനു.എം. ജയചന്ദ്രൻ, പി.പി.ഹരി, ധനലാൽ, സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി.എ.അഭിലാഷ് സ്വാഗതവും, ഹരിതസേന കൺവീനർ കെ.കെ.വിജേഷ് നന്ദിയും പറഞ്ഞു.