കാന്റീനുകൾ പൊലീസ് സൊസൈറ്റി ഏറ്റെടുത്ത് തുറക്കണമെന്ന് നിർദേശം

കട്ടപ്പന: സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന പൊലീസ് കാന്റീനുകൾക്ക് പൂട്ടുവീണിട്ട് ഒരുമാസം പിന്നിടുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് കാന്റീനുകളിൽ നിന്നു പൊതുജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് അവസാനിപ്പിച്ചത്. നിലവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് കാന്റീനുകളിൽ പ്രവേശനം. ഉത്തരവ് നിലവിൽ വന്നതറിയാതെ ഇപ്പോഴും നിരവധി പേർ കാന്റീനിലെത്തി നിരാശരായി മടങ്ങുകയാണ്. കാന്റീനുകൾ ജില്ലാ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണമെന്നാണ് അസോസിയേഷനുകൾ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം. സൊസൈറ്റിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ വായ്പയെടുത്താണ് കാന്റീനുകൾ ഏതാനും വർഷങ്ങൾക്കിടെ പുനർനിർമിച്ചത്. അതുകൊണ്ട് ഇവ പൂട്ടിയിടുന്നതിനെതിരെ സേനയ്ക്കുള്ളിലും അമർഷമാണ്. കട്ടപ്പനയിലെ കാന്റീൻ പൂട്ടിയതോടെ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകിവന്നിരുന്ന വിശപ്പുരഹിത കട്ടപ്പന പദ്ധതിയും നിലച്ചു. കാന്റീനിൽ നിന്നുള്ള വരുമാനത്തിൽ നിന്നു അനാഥാലയങ്ങൾക്ക് നൽകിയിരുന്ന സാമ്പത്തിക സഹായവും മുടങ്ങിയിരിക്കുകയാണ്. നവംബർ 26നാണ് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയുടെ ഉത്തരവ് നിലവിൽ വന്നത്. ഇതിനെതിരെ ജനരോഷമുയർന്നപ്പോൾ ഡിസംബർ ഒന്നുമുതൽ 20 വരെ പൊതുജനത്തെ പ്രവേശിപ്പിക്കാൻ ഡി.ജി.പി നിർദേശം നൽകിയിരുന്നു. എന്നാൽ വിവാദ ഉത്തരവ് പിൻവലിക്കാത്തതിനാൽ ഡി.ജി.പി നൽകിയ സമയപരിധി അവസാനിച്ചതോടെ വീണ്ടും പൊതുജനങ്ങൾ പുറത്തായി. ജില്ലയിൽ തൊടുപുഴ, കട്ടപ്പന, മൂന്നാർ, അടിമാലി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ജനമൈത്രി പൊലീസ് കാന്റീനുകൾ പ്രവർത്തിച്ചിരുന്നത്. പ്രധാന ടൗണുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ കാന്റീനുകളുടെ മെച്ചപ്പെട്ട സേവനത്തിലൂടെ കഴിഞ്ഞിരുന്നു. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കാവുന്ന സ്ഥാപനം എന്ന നിലയിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കാന്റീനുകളെയാണ് ദിവസവും ആശ്രയിച്ചിരുന്നത്.