communist

കോട്ടയം : 1957ൽ ആദ്യ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റയ്ക്ക് അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ആശയപരമായ പ്രശ്നങ്ങളാൽ 1964ൽ പിളർന്നു. ഇതിന് ശേഷം നടന്ന 1965 ലെ തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ രണ്ടു പാർട്ടികളായാണ് മത്സരിച്ചത്. പി.ടി.ചാക്കോയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആർ.ശങ്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തിയതോടെ കോൺഗ്രസ് പിളർന്നു. കത്തോലിക്കാ സമുദായാംഗങ്ങൾക്ക് മുൻതൂക്കമുള്ള കേരളകോൺഗ്രസും 1964 ൽ രൂപപ്പെട്ടു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പിളർന്നു ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള എസ്.എസ്.പി (സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി) കൂടി 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ രംഗത്തെത്തി. മുസ്ലിംലീഗും പങ്കാളിയായി.

കോൺഗ്രസിന് 36ഉം, സി.പി.എമ്മിന് 40 സീറ്റും ലഭിച്ചു. 79 സീറ്റിൽ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. കേരള കോൺഗ്രസിന് 23 ഉം, ലീഗിന് 6 സീറ്റും, എസ്.എസ്.പിയ്ക്ക് 13 ഉം, 12 സ്വതന്ത്രരും ജയിച്ചു. 10 വനിതാ സ്ഥാനാർത്ഥികളിൽ സി.പി.എമ്മിലെ സുശീലാ ഗോപാലനും, കെ.ആർ.ഗൗരിയമ്മയും, കേരള കോൺഗ്രസിലെ കെ.ആർ.സരസ്വതിയമ്മയും വിജയിച്ചു.

ആർക്കും വ്യക്തമായ ഭൂരിപക്ഷവും, കൂട്ടുകക്ഷി മുന്നണി ഭരണത്തിനുള്ള സാദ്ധ്യതയും തെളിയാതെ വന്നതോടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1967ൽ വീണ്ടും തിരഞ്ഞെടുപ്പ്. സി.പി.എം - സി.പി.ഐ കകക്ഷികൾ ഒരു മുന്നണിയായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിംലീഗും ആ മുന്നണിയിൽ അണിചേർന്നു.