പാലാ: ജില്ലയിലെ രണ്ട് കുടുംബകോടതികളിലും ജഡ്ജിമാരില്ല. താളം തെറ്റിയ കുടുംബബന്ധങ്ങള്‍ക്ക് ഇത് ഇരട്ടി വേദന. രണ്ട് കോടതികളിലുമായി ഏഴായിരത്തോളം കേസുകളിലെ കക്ഷികള്‍ വലയുന്നു. കൗണ്‍സിലിംഗുകളും നടക്കുന്നില്ല.
ഏറ്റുമാനൂരും പാലായിലുമാണ് കുടുംബകോടതികള്‍ . ഏറ്റുമാനൂര്‍ കോടതിയിലെ ജഡ്ജി ഒരുമാസം മുമ്പ് വിരമിച്ചു. പാലാ കോടതിയിലെ ജഡ്ജി രണ്ടാഴ്ച മുമ്പ് മരണമടയുകയും ചെയ്തു. രണ്ട് കോടതികളിലും പകരം ചുമതല ആരെയും ഏല്‍പ്പിച്ചിട്ടില്ല.
ഏറ്റുമാനൂര്‍ കോടതിയില്‍ നാലായിരത്തോളം കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. പാലാ കോടതിയില്‍ മൂവായിരത്തോളം കേസുകളുമുണ്ട്. കുട്ടികളെ വിട്ടുകൊടുക്കല്‍, ഭാര്യയ്ക്ക് പൊലീസ് സംരക്ഷണം തുടങ്ങി വിവിധ അടിയന്തര സ്വഭാവമുള്ള കേസുകളും പരിഗണിക്കാനുണ്ട്. കുടുംബകോടതികളില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി ജഡ്ജിമാരില്ലാത്ത അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. ഉടന്‍ ജഡ്ജിമാരെ നിയമിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.