കട്ടപ്പന: കെ. ഫോൺ ലൈൻ വലിക്കൽ ജോലിക്കിടെ ട്രാൻസ്‌ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ കെ.എസ്.ഇ.ബി. ജീവനക്കാരനെ 108 ആംബുലൻസ് ജീവനക്കാർ രക്ഷപ്പെടുത്തി. ചെറുതോണി സ്വദേശി അലിയാർ(50) ക്കാണ് കട്ടപ്പന 108 ആംബുലൻസ് ഡ്രൈവർ ഷിനൊസ് രാജൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനൂപ് ജോർജ് എന്നിവരുടെ സമയോചിത ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. ഇന്നലെ ഉച്ചയോടെ വാഴവരയിലാണ് സംഭവം. ഇടുക്കി മെഡിക്കൽ കോളജിൽ രോഗിയെ എത്തിച്ച് തിരികെ വരുമ്പോഴാണ് ഇവരുടെ കൺമുമ്പിൽ അലിയാർ ഷോക്കേറ്റ് നിലത്തുവീണത്. ഉടൻതന്നെ ആംബുലൻസ് നിർത്തി വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് ബോധം നഷ്ടമായ അലിയാർക്ക് ഹൃദയാഘാതം ഉണ്ടായതായി മനസിലാക്കിയതോടെ പ്രഥമശുശ്രൂഷയും നൽകി. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഉടൻതന്നെ ആംബുലൻസിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈദ്യുതാഘാതത്തെ തുടർന്ന് അലിയാരുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ചികിത്സയ്ക്കുശേഷം ഇദ്ദേഹം ആശുപത്രി വിട്ടു.