കുമരകം: തുടർച്ചയായി അഞ്ചു വർഷം കൃഷി ചെയ്‌ത മെത്രാൻ കായലിലെ കൊയ്ത്ത് ഉദ്ഘാടനവും അടുത്ത വർഷത്തെ കൃഷിയും മുടക്കി പുഞ്ച സ്പെഷ്യൽ ഓഫിസറുടെ കടുംപിടുത്തം. മെത്രാൻകായൽ കൃഷിയ്‌ക്കായി ചേർന്ന പുതിയ ഭരണസമിതിയെ അംഗീകാരിക്കാതെ പുഞ്ച സ്പെഷ്യൽ ഓഫിസർ പമ്പിംഗ് അനുമതി നിഷേധിച്ചതാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മെത്രാൻ കായലിലെ കൊയ്‌ത്ത് ഉദ്ഘാടനം നടത്താൻ മന്ത്രി വി.എസ് സുനിൽകുമാറിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലും ഇവിടെ നേരിട്ടെത്തി മന്ത്രി തന്നെയാണ് കൊയ്ത്ത് ഉത്സവം നടത്തിയിരുന്നത്. എന്നാൽ, ഇക്കുറി പുഞ്ച സ്‌പെഷ്യൽ ഓഫിസറുടെ കടുംപിടുത്തം കാര്യങ്ങളെല്ലാം തകിടംമറിച്ചു. മെത്രാൻകായലിൽ നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് കർഷകരിൽ ഏറെയും. അതുകൊണ്ടു തന്നെ ഓരോ വർഷവും കൃഷിക്കാർ മാറി മാറി വരും. ഇക്കുറിയും കർഷകർ മാറിയെത്തിയിട്ടുണ്ട്. മറ്റുള്ള പാടശേഖര സമിതികളിൽ പൊതുയോഗം ചേരാൻ സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ മുൻ വർഷങ്ങളിലെ പോലെ തന്നെ കൊവിഡിന്റെ പശ്ചാത്തലത്തിൽ തുടരാൻ സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ, പാലക്കാടും പത്തനംതിട്ടയിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമിതികൾ മാറിയിട്ടുണ്ട്. ഇവിടെയൊന്നും ഈ പ്രശ്നമുണ്ടായിട്ടില്ല.. എന്നാൽ, മെത്രാൻ കായലിൽ കർഷകർ യോഗം ചേർന്നു പുതിയ സമിതിയെ തിരഞ്ഞെടുത്തിരുന്നു. ഇത് പുഞ്ച സ്‌പെഷ്യൽ ഓഫിസർ അനുവദിച്ചില്ല.

കർഷകരെ സഹായിക്കുന്ന സർക്കാർ നിലപാടിന് എതിരാണ് ഇപ്പോൾ പുഞ്ച സ്പെഷ്യൽ ഓഫിസറുടെ നടപടിയെന്നാണ് ആരോപണം. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ നേരിട്ട് ഇടപെട്ടിട്ടുപോലും പുഞ്ച സ്പെഷ്യൽ ഓഫിസർ തന്റെ നിലപാട് തിരുത്താൻ തയാറായിട്ടില്ല.