കറുകച്ചാൽ: പാഴ് വസ്തുക്കളിൽ നിന്നും ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റെസർ നിർമ്മിച്ച് നാട്ടിലെ താരമായി നാലാം ക്ലാസ്സുകാരൻ. നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂൾ വിദ്യാർത്ഥിയും കങ്ങഴ പത്തനാട് വടക്കേറാട്ട് മുഹമ്മദ് സജിയുടെ മകൻ മുഹമ്മദ് ആഷിക്കാണ് കൊച്ചുമിടുക്കൻ. ചിലവായത് 300 രൂപ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങളിലും നിന്നുമാണ് സ്വന്തമായി ഒരു ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമ്മിച്ചെടുക്കണമെന്ന ആശയത്തിൽ എത്തുന്നത്. ഇതിനായി വീട്ടിൽ നിന്ന് കിട്ടാവുന്ന പാഴ്‌വസ്തുക്കൾ ശേഖരിച്ചു. അനുബന്ധ സാധനങ്ങൾ ഇലക്ട്രോണിക്സ് കടയിൽ നിന്ന് വാങ്ങി. അഞ്ചു മണിക്കൂർ കൊണ്ട് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ റെഡി. ഇതിനായി ചെലവഴിച്ചത് 300 രൂപ. ഒരു ലിറ്റർ സാനിറ്റൈസർ നിറയ്ക്കാവുന്ന 3 വോൾട്ടിന്റെ മെഷീൻ ബാറ്ററിയിൽ ഇത് പ്രവർത്തിപ്പിക്കാം. സാനിറ്റൈസർ മെഷീന്റെ അടിഭാഗത്ത് കൈ വച്ചാൽ അതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ പ്രവർത്തിക്കുകയും കയ്യിലേക്ക് സാനിറ്റൈസർ ആവശ്യത്തിന് വീഴുകയും ചെയ്യും. സ്ഥാപനങ്ങളിൽ ധാരാളം പേർ ഒരേസമയം കുപ്പികളുടെ അടപ്പുതുറന്ന് സാനിറ്റൈസർ ഉപയോഗിക്കുന്നത് രോഗവ്യാപനത്തിനു സാദ്ധ്യതയുള്ളതിനാൽ അതിന് പരിഹാരമാണ് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ. സ്വന്തമായി ഉണ്ടാക്കിയ ഈ സാനിറ്റൈസർ മെഷീൻ പിതാവ് മുഹമ്മദ് സജിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഏജൻസി ഓഫീസിൽ സ്ഥാപിക്കാനാണ് തീരുമാനം. യൂട്യൂബ് വീഡിയോ നോക്കിയും മറ്റുമാണ് കാര്യങ്ങൾ പഠിച്ചെടുത്തത്. മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ചെറിയ ഫാൻ നിർമ്മിച്ചിരുന്നു. കയ്യിൽ കിട്ടുന്ന വസ്തുക്കൾ എന്തും സ്വന്തം ഭാവന ഉപയോഗിച്ച് രൂപമാറ്റം വരുത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാക്കുന്നത് ആഷിക്കിന്റെ ഹോബിയാണ്. പേപ്പർ ക്രാഫ്റ്റ്,മിനിയെച്ചർ പകർപ്പുകളുടെ നിർമ്മാണം, പാചകവും തുടങ്ങി പല മേഖലകളിൽ കഴിവു തെളിയിച്ച മിടുക്കന് ആഷിക് ടെക് എന്ന യൂട്യൂബ് ചാനലും സ്വന്തമായുണ്ട്. സമീനയാണ് ആഷിക്കിന്റെ മാതാവ്. ആൽഫിയ, ഫിദ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.