കോട്ടയം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സ്കോളർഷിപ്പ് തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരനെന്ന് കരുതുന്ന മൂന്നാർ മുൻപഞ്ചായത്തംഗം തമിഴ്നാട്ടിലേക്ക് കടന്നു. ഇയാളുടെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പിനിരയായവരോ, പട്ടികജാതി വകുപ്പോ പരാതി നൽകാത്തതിനാൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. എന്നാൽ, പൊലീസ് രഹസ്യാന്വേഷണ വിഭാഗം കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ബിരുദം മുതലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന തോട്ടം മേഖലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് മൂന്നാർ പഞ്ചായത്തിലെയും, ദേവികുളം ബ്ളോക്ക് പഞ്ചായത്തിലെയുംചില അംഗങ്ങൾ തട്ടിയെടുത്തതായാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് പഠനം നിർത്തിയ കുട്ടികളുടെ പേരിൽ തമിഴ്‌നാട്ടിലെ കോളേജുകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും അത് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കി പണം തട്ടിയെടുത്തുവെന്നാണ് അക്ഷേപം.
പ്രദേശത്തെ രണ്ട് അദ്ധ്യാപകരാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയത്. പഞ്ചായത്തംഗങ്ങളും അദ്ധ്യാപകരും ചില ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘം രണ്ടു വർഷത്തിനിടയിൽ 15 ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്കോളർഷിപ്പ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥികളും പഠനം നിർത്തിയവരായ കുട്ടികളിൽ നിന്ന് ബാങ്ക് പാസ് ബുക്കും, എ.ടി.എം കാർഡും പഞ്ചായത്തംഗങ്ങൾ കൈക്കലാക്കിയാണ് പണം തട്ടിയത്.
പണംനഷ്‌ടപ്പെട്ട വിവരം തട്ടിപ്പിനിരയായവരിൽ പലരും ഇതുവരെ അറിഞ്ഞിട്ടില്ല. പാസ്ബുക്കും, എ.ടി.എം കാർഡും പഞ്ചായത്തംഗങ്ങൾ കൈക്കലാക്കി മാസങ്ങൾ കഴിഞ്ഞിട്ടും മടക്കി നൽകാത്തതിനെ തുടർന്ന് ചില വിദ്യാർത്ഥികൾ മറ്റുള്ളവരോട് പരാതി പറഞ്ഞതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.
സംഭവത്തിൽ പരാതിയുമായി കെ.പി.എം.എസ് രംഗത്ത് എത്തിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്താൻ വകുപ്പുമന്ത്രിക്ക് പരാതി നൽകുമെന്ന് അവർ അറിയിച്ചു.