കുമരകം: മെത്രാൻകായലിന്റെ പുറംബണ്ടിന് ബലക്ഷയം വന്നതോടെ മൂന്നിടങ്ങളിൽ കായലിൽ നിന്ന് പാടശേഖരങ്ങളിലേക്ക് കൽക്കെട്ടിനിടയിലൂടെ വെള്ളം ഒഴുകി. ഈ അവസ്ഥ തുടർന്നാൽ ഏതുസമയവും മടവീഴ്ച ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ദിവസം കർഷകരെത്തി വെള്ളം കയറുന്ന ഭാഗം ഏരി നാട്ടി കറുത്ത പ്ളാസ്റ്റിക്ക് പടുത വിരിച്ച് കട്ടയും കച്ചിയും ഇട്ട് അടയ്ക്കുകയായിരുന്നു. കായലിൽ വെള്ളം ഉയരുന്നതാണ് ബണ്ടിന്റെ പലഭാഗങ്ങളിലൂടെ പാടശേഖരത്തിലേക്ക് വെള്ളം കയറാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞദിവസം മെത്രാൻകായലിന്റെ പുറംബണ്ടിൽ മൂന്ന് ഭാഗങ്ങളിലാണ് വെള്ളം ഇരച്ചുകയറിയത്. ഇത് തത്ക്കാലം അടച്ചെങ്കിലും വീണ്ടും ബണ്ടിന്റെ ശക്തികുറഞ്ഞ ഭാഗങ്ങളിലൂടെ കൽക്കെട്ടിനിടയിൽ കൂടി വെള്ളം കയറാൻ സാദ്ധ്യതയേറെയാണ്. കിഴക്കേ പുറംബണ്ടിന്റെ ഷട്ടർമട, തെക്കേപുറം ബണ്ടിന്റെ ഷട്ടർമട, പള്ളിക്കായലിനോട് ചേർന്നുള്ള പുറമട എന്നിവിടങ്ങളിലാണ് അപകടനില തുടരുന്നത്.
മടപൊട്ടിയാൽ 75 ദിവസം പ്രായമായ ഏക്കർകണക്കിന് പാടത്തെ പുഞ്ചകൃഷിയാണ് നശിക്കുന്നത്. മെത്രാൻകായലിന്റെ പുറംബണ്ട് തീർത്തും ബലഹീനമാണെന്ന് നേരത്തെ തന്നെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണെന്ന് കർഷകർ പറയുന്നു. എന്നാൽ യാതൊരു നടപടികളും കൃഷിവകുപ്പ് എടുത്തിട്ടില്ല. പുറംബണ്ടിന്റെ പകുതിയോളം ഭാഗം കായൽ പ്രദേശമാണ്. ഇവിടെ കായലിൽ നിന്നുള്ള വലിയ മർദ്ദം ഉണ്ടാകുന്നത് അപകടം വർദ്ധിപ്പിക്കും. ബണ്ടിന്റെ അകവശം വീതി കൂട്ടുകയും ഉയരം വർദ്ധിപ്പിക്കുകയും വേണമെന്നാണ് വിദഗ്ധാഭിപ്രായം.
അസാധാരണം
തണ്ണീർമുക്കം ബണ്ട് വേലിയിറക്ക സമയത്ത് ഉയർത്തി കുട്ടനാട്ടിലെ ജലനിരപ്പ് കഴിഞ്ഞ ആഴ്ച ക്രമീകരിച്ചിരുന്നു. ജലനിരപ്പ് കുറയുകയും മത്സ്യത്തൊഴിലാളികളുടെ സമരവും കണക്കിലെടുത്ത് ബണ്ട് ഷട്ടറുകൾ പൂർണമായും അടച്ചിരിക്കുകയാണ്. ഇപ്പോൾ അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും വർദ്ധിച്ചതാണ് നെൽകൃഷിക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. വേനൽ കാലത്ത് ഇത്തരത്തിൽ ജലാശയങ്ങളിൽ ജലനിരപ്പുയരുന്നത് അസാധാരണമാണ്. വേലിയിറക്ക സമയത്ത് ഷട്ടർ ഉയർത്തി ഒന്നരയടി എങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജലനിരപ്പ് ഉയർന്നത് മെത്രാൻകായലിന് മാത്രമല്ല മറ്റ് പാടങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.