വൈക്കം: വൈക്കത്തെ പഴയ ബോട്ടുജെട്ടി തനിമ നിലനിർത്തി പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പഴയ ജെട്ടിയുടെ പ്ലാറ്റ്ഫോമിന്റെ ഇരുവശവും വീതികൂട്ടുന്നതിനായുള്ള പൈലിംഗ് പൂർത്തിയാക്കിയ ശേഷം ഭാരപരിശോധനയാണ് നടത്തിവരുന്നത്. തൂണുകളുടെ മീതെ 10000 കിലോഗ്രം ഭാരം കയറ്റിവച്ചാണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്.
കേരളത്തിലെ ആദ്യകാല ഫെറികളിലൊന്നായ വൈക്കം ജെട്ടിക്ക് ചരിത്ര പ്രാധാന്യമേറെയാണ്.രാജഭരണത്തിന്റെ ശംഖുമുദ്റ പേറുന്ന ജെട്ടിയിലാണ് വൈക്കം സത്യഗ്രഹസമരത്തിന് ഊർജം പകരാൻ മഹാത്മജി വന്നിറങ്ങിയത്. കാലപഴക്കത്താൽ ബോട്ടുജെട്ടിക്കെട്ടിടത്തിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്ന് മഴയും വെയിലുമേറ്റ് ചരിത്രത്തിന്റെ ഭാഗമായ കെട്ടിടം നാശോന്മുഖമായിരുന്നു. കായലിലെ ഉപ്പു കാറ്റേറ്റ് നശിക്കാതിരിക്കാൻ ഭിത്തിക്കു പകരം പലകകളാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒളിമങ്ങാത്ത ഏടായ വൈക്കം ബോട്ടുജെട്ടി ചരിത്ര സ്മാരകമാക്കി പുനർനിർമ്മിച്ചു പരിരക്ഷിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. ഇറിഗേഷൻ വകുപ്പ് 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ബോട്ടുജെട്ടി പുനർനിർമ്മിക്കുന്നത്.
പുതിയ ജെട്ടിയ്‌ക്കൊപ്പം പഴയ ജെട്ടിയും പ്രവർത്തനക്ഷമമാക്കും. ജലഗതാഗത വകുപ്പിനു ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന ഫെറി കളിലൊന്നാണ് വൈക്കം തവണക്കടവ്.