കോട്ടയം: ജില്ലയിൽ രക്തത്തിന് വൻക്ഷാമം. ബ്ലഡ് ബാങ്കിലടക്കം എല്ലാ ഗ്രൂപ്പിലുമുള്ള രക്തത്തിന് ക്ഷാമമായതോടെ രോഗികൾ നെട്ടോട്ടത്തിലാണ്.
സന്നദ്ധ സംഘടനകളും സമൂഹമാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ നിന്നുമാണ് പ്രധാനമായും രക്തം തേടിയിരുന്നത്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും നൽകാൻ തയ്യാറാകുന്നവരുടെ എണ്ണം കുറവാണ്. ഇതിന് പുറമേയാണ് കൊവിഡ് പടർന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകളുടെ എണ്ണം കൂടിയതോടെ വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന രോഗികൾ ബുദ്ധിമുട്ടുകയാണ്. മറ്റ് ആവശ്യത്തിന് മുൻകൂട്ടി പറഞ്ഞ് വയ്ക്കുന്ന രോഗികൾക്കുള്ള രക്തം അടിയന്തിര ഘട്ടത്തിൽ മാറ്റിക്കൊടുക്കേണ്ട അവസ്ഥയാണ്.
കോളേജടച്ചത് പണിയായി
കോളേജുകൾ അടച്ചതാണ് ഏറ്റവും പണിയായത്. മുൻപ് കോളേജ് വിദ്യാർത്ഥികളാണ് പ്രധാനമായും രക്തം നൽകിയിരുന്നത്. ഇപ്പോൾ ഭാഗികമായി തുറന്നെങ്കിലും എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജീവമല്ല. അവസാന വർഷ വിദ്യാർത്ഥികളുടെ ക്ളാസ് നഷ്ടപ്പെടുത്തി രംക്തം ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.
ദാതാക്കൾ പകുതിയായി
സോഷ്യൽ മീഡിയയിലൂടെ സജീവമായ ജില്ലയിലെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ അയ്യായിരം അംഗങ്ങളുണ്ടെങ്കിലും പതിവായി ദാനം ചെയ്യുന്നവർ 40 പേരിലും താഴെയാണ്. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടുതലായി നടക്കുന്ന തിങ്കൾ, വ്യാഴം ശനി ദിവസങ്ങളിൽ എത്ര കിട്ടിയാലും തികയാത്ത അവസ്ഥയാണ്.
ഗുണങ്ങൾ
രക്തം ദാനത്തിനൊപ്പം രോഗനിർണയം കൂടി നടക്കുന്നു
പതിവായി ദാനം ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കും
ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനാകും
'' പണ്ട് നെഗറ്റീവ് ഗ്രൂപ്പുകളായിരുന്നു കിട്ടാനില്ലായിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ ഗ്രൂപ്പിനും നെട്ടോട്ടമാണ്. പലപ്പോഴും ഫോണെടുക്കാൻ കഴിയാത്ത അത്ര എൻക്വയറിയാണ്. ആവശ്യത്തിന്റെ പകുതിപോലും സജ്ജമാക്കി കൊടുക്കാൻ കഴിയുന്നില്ല. ''
ജോമോൻ തോമസ്, വാളണ്ടിയർ ബ്ലഡ് ഡോണേഴ്‌സ് കേരള