photo

കോട്ടയം : ആലിൻകാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന് പറഞ്ഞതുപോലെയാണ് ഇപ്പോൾ ഫോട്ടോ ഗ്രാഫർമാരുടെ കാര്യം. ഏറ്റവും കൂടുതൽ കല്യാണം നടക്കുന്ന ഇന്ന് ലഭിച്ച എല്ലാ വർക്കുകളും ഏറ്റെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഫോട്ടോഗ്രാഫർമാർ. മകരമാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമുള്ള ദിവസമാണിന്ന്. സകല ക്ഷേത്രങ്ങളും ഓഡിറ്റോറിയങ്ങളിലും കല്യാണമേളമാണ്. ഫോട്ടോഗ്രാഫർമാക്കാവട്ടെ ഫോണെടുക്കാൻ കഴിയാത്ത പോലെ എൻക്വയറി.

ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ എത്ര നന്നായെന്ന് ആലോചിക്കുകയാണ് ഇവരെല്ലാം. ചേനപ്പാടി റിഥം സ്റ്റുഡിയോ ഉടമ അനുരാജിന്റെ അനുഭവം ഇങ്ങനെ " എനിക്ക് വിളി വന്നത് പതിനൊന്ന് കല്യാണങ്ങളുടേതാണ്. നാലെണ്ണംവരെ ഏറ്റെടുത്തു. പകരം വിടാൻ ആളില്ല. എല്ലാവർക്കും വർക്കുണ്ട്. മനസില്ലാ മനസോടെയാണെങ്കിലും ബാക്കിയൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റുഡിയോ നടത്തുന്നവരും ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരുമെല്ലാം ഇന്നലെ രാത്രി മുതൽ തിരക്കാണ്.

കോട്ടയം നഗരത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ആന്റോയുടെ അനുഭവം ഇങ്ങനെ ''എനിക്ക് 25 വിവാഹങ്ങളുടെ എൻക്വയറി വരെ വന്നിരുന്നു. മറ്റ് ജില്ലകളിൽ നിന്നുവരെ വിളിച്ചവരുണ്ട്. ഒരു പക്ഷേ, ഒരു പാട് നാളുകൾക്ക് ശേഷമാവും എല്ലാ ഫോട്ടോഗ്രാഫർമാർക്കും ഒരു പോലെ ഒരുദിവസം ഇത്ര തിരക്കാവുന്നത്''