ചങ്ങനാശേരി: എസ്.ബി കോളജ് പൂർവവിദ്യാർത്ഥി ആഗോള മഹാ സമ്മേളനം 26ന് വൈകുന്നേരം ആറിന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടി. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അലുമ്‌നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ എൻ.എം മാത്യു അദ്ധ്യക്ഷത വഹിക്കും. തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത ഡോ.തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബംഗ്ലാദേശി അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷം പിന്നിട്ട പൂർവവിദ്യാർത്ഥിയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേദിയിൽ ആദരിക്കും. കോളേജിൽ നിന്ന് വിരമിക്കുന്നവരെ മാനേജർ ഡോ.ഫാ.തോമസ് പാടിയത്ത് ആദരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു എം. സ്‌കോളർഷിപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കും. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഈ വർഷം 50 വർഷം പിന്നീട്ട ജൂബിലി വിദ്യാർത്ഥികളെ ആദരിക്കും. ആഗോള പൂർവവിദ്യാർത്ഥി മഹാ സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം പ്രിൻസിപ്പൽ ഡോ: ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസ് തെക്കേപുറത്ത്, ബർസാർ ഫാ മോഹൻ മുടഞ്ഞാലിൽ, ഫാ ജോൺ ജെ. ചാവറ, ഡോ ജോസഫ് ജോബ്, ഡോ ഷിജോ കെ. ചെറിയാൻ, ഡോ സെബിൻ എസ്. കൊട്ടാരം, ഷാജി പാലാത്ര, ജിജി ഫ്രാൻസിസ്, ഡെയ്‌സമ്മ ജയിംസ്, ഡോ ജോസ് പി. ജേക്കബ്, ഡോ രാജൻ കെ. അമ്പൂരി, ഡോ ബിൻസായ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ആഗോള പൂർവവിദ്യാർഥി മഹാ സമ്മേളനം http://youtu.be/tcwFvrQH2vA എന്ന ലിങ്കിലൂടെ തത്സമയം കാണാൻ സാധിക്കും.