mani-c-kappan

കോട്ടയം: "പാലായ്ക്ക് പകരം കുട്ടനാടോ മുട്ടനാടോ വേണ്ടെന്ന" പരിഹാസത്തോടെ മാണി സി കാപ്പൻ നില ഉറപ്പിച്ചതോടെ, ഈ മാസം 27ന് കാപ്പൻ കൂടി പങ്കെടുക്കുന്ന ഇടതു മുന്നണി യോഗം നിർണായകമാകും. അതിനിടെ, ജോസ് കെ മാണി പാലായിൽ സജീവമായി.കുട്ടനാട് സ്വീകരിക്കണമെന്ന എ.കെ.ശശീന്ദ്രൻ വിഭാഗത്തിന്റെ ബദൽ നിർദ്ദേശമാണ് കാപ്പൻ തള്ളിയത്.

"കുട്ടനാട്ടിൽ നീന്താൻ അറിയില്ല. അതുകൊണ്ടു പാലാ വിടില്ല. ജയിച്ച സീറ്റ് തരാമോ എന്നു ചോദിക്കേണ്ട കാര്യമില്ല. എന്റെ സീറ്റാണത്. ഞാൻ തന്നെ മത്സരിക്കും. മൂന്നുതവണ പാർട്ടി തോറ്റിടത്ത് നാലാമത്തെ തവണയാണ് വിജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ട ഗതികേട് എൻ.സി.പിക്ക് ഇല്ല.സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എപ്പോഴും സീറ്റ് ചോദിച്ചു നടക്കേണ്ട കാര്യമില്ല. 27ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ പറയാനുള്ളതു പറയും.''- കാപ്പൻ കേരള കൗമുദിയോട് പറഞ്ഞു.

എൻ.​സി​.പി ദേ​ശീ​യ അ​ദ്ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​ന് ​കാ​പ്പ​ൻ അടുത്തദിവസം മും​ബ​യി​ലേ​ക്ക് പോ​യേക്കും. മുന്നണി മാറ്റം ഉണ്ടെങ്കിൽ ഉടൻ വ്യക്തമാക്കണമെന്ന് യു.ഡി.എഫ് നേതൃത്വവും സമ്മർദ്ദം ചെലുത്തുകയാണ്.

ഇതിനിടെ, എൽ.ഡി.എഫിൽ തുടരുന്നത് എൻ.സി.പിയ്ക്ക് ദോഷം ചെയ്യുമെന്ന്

ചൂണ്ടിക്കാട്ടി കാപ്പൻ വിഭാഗം ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് കത്ത് അയച്ചത് വിവാദമായി. കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു.