പേരിലൊതുങ്ങി മണർകാട് വൺവേ ബൈപ്പാസ് റീ ടാറിംഗ്
മണർകാട്: ഇത് വല്ലാത്ത പണിയായിപ്പോയി!... മണർകാട് വൺവേ ബൈപ്പാസ് റീടാറിംഗ് റീടാറിംഗ് ജോലികൾ കണ്ട് ആരും മൂക്കത്ത് വിരൽവെച്ചുപോകും. റീടാറിംഗ് എന്ന പേരിൽ നടത്തിയ ജോലികൾ വെറും തട്ടിപ്പ് മാത്രമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വൺവേ ബൈപ്പാസ് റോഡിൽ പഴയ കെ.കെ റോഡ് ചേരുന്ന ഭാഗത്തെ കുഴികൾ മാത്രമാണ് റീടാറിംഗ് നടത്തി അടച്ചത്. ഇപ്പോഴും റോഡിൽ വൻകുഴികൾ ബാക്കിയാണ്. താത്ക്കാലിക ടാറിംഗ് നടത്തി അധികൃതർ തടിതപ്പുകയാണ് ചെയ്തത്.
അറ്റകുറ്റപ്പണികൾ നടത്തിയ ഭാഗത്ത് മെറ്റലും മറ്റും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. വൺവേ റോഡ് ആരംഭിക്കുന്ന ഇടം മുതൽ പഴയ കെ.കെ റോഡ് വരെയും പഞ്ചായത്ത് ഓഫീസിനു മുൻപിലൂടെ റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗവും തകർന്നു തരിപ്പണമായ നിലയിലാണ്. അയർക്കുന്നം, പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളിൽനിന്ന് പാമ്പാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിഞ്ഞുപോകുന്ന മണർകാട്-അയർക്കുന്നം റോഡിലും ബൈപ്പാസ് റോഡിലുമാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗവും തകർന്ന നിലയിലാണ്. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കുഴികളിൽ വീഴുന്നതും പതിവാണ്. വെള്ളക്കെട്ടും പൊടിശല്യവും നിറഞ്ഞ മണർകാട് വൺവേ ബൈപ്പാസ് റോഡിന്റെ അവസ്ഥ എന്നുമാറുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചപ്പോൾ വൺവേ ബൈപ്പാസ് റോഡ് പൂർണ്ണമായും നന്നാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, ബൈപ്പാസ് റോഡ് ആരംഭിക്കുന്ന ഭാഗം മുതൽ പഴയ കെ.കെ റോഡ് എത്തിച്ചേരുന്ന ഭാഗംവരെയുള്ള കുഴികൾ അടച്ചിട്ടില്ല. ( സമീപത്തെ വ്യാപാരി, ഷാജി)