അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പൊലീസ് ഔട്ട്പോസ്റ്റ് സ്റ്റേഷനാക്കി ഉയർത്തണമെന്നാവശ്യം ശക്തം. നിലവിൽ മൂന്നാർ പൊലീസ് സ്റ്റേഷന് കീഴിലാണ് മാങ്കുളത്തെ പൊലീസ് ഔട്ട്പോസ്റ്റിന്റെ പ്രവർത്തനം. അനുദിനം വികസിക്കുന്ന വിനോദസഞ്ചാരമേഖല കൂടിയാണ് മാങ്കുളം. നൂറുകണക്കിന് കർഷക കുടുംബങ്ങൾക്കും ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടേക്ക് നിരവധി സഞ്ചാരികളും എത്തുന്നുണ്ട്. വികസനപാതയിലുള്ള മാങ്കുളത്ത് നിലവിൽ പ്രവർത്തിച്ച് വരുന്ന പൊലീസ് ഔട്ട് പോസ്റ്റ് സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ഒരു സർക്കിൾ ഇൻസ്‌പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും ഒരു ഡ്രൈവറുമാണ് നിലവിൽ ഔട്ട്പോസ്റ്റിലെ ജീവനക്കാർ. വലിയ സംഭവങ്ങൾ ഉണ്ടായാൽ മൂന്നാർ സ്റ്റേഷനിൽ നിന്ന് പൊലീസെത്തി വേണം തുടർനടപടികൾ സ്വീകരിക്കാൻ. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമെന്ന നിലയിൽ ചാരായ നിർമ്മാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പൂർണമായി തടയിടാൻ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം അനിവാര്യമാണെന്നാണ് വാദം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇപ്പോൾ ഔട്ട് പോസ്റ്റ് പ്രവർത്തിക്കുന്നത്. ഔട്ട് പോസ്റ്റ് സ്റ്റേഷനാക്കി ഉയർത്തുന്നതിനൊപ്പം ജീവനക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉൾകൊള്ളുന്ന കെട്ടിടനിർമ്മാണത്തിനും നടപടി വേണമെന്നാണ് ആവശ്യം.