പാലാ: നഗരസഭയിലെ ഭരണപക്ഷം ഇനി പ്രതിപക്ഷമാണ്; പ്രതിപക്ഷം ഭരണപക്ഷവും.! ചുമ്മാ ആഗ്രഹം പറഞ്ഞതല്ല, കൗൺസിൽ ഹാളിലെ ഇരിപ്പിടത്തിന്റെ കാര്യത്തിൽ ഈ 'വെച്ചു മാറ്റം' യാഥാർത്യമാവുകയാണ്.
ആറു പതിറ്റാണ്ടിനപ്പുറം പഴക്കമുള്ള പാലാ നഗരസഭയുടെ ചരിത്രത്തിൽ ഇതേവരെ ഭരണപക്ഷത്തിന്, അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന ചെയർമാന്റെ വലതു ഭാഗത്തും പ്രതിപക്ഷത്തിന് ഇടതു ഭാഗത്തുമായിരുന്നു ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. എന്നാൽ ഈ കൗൺസിലിന്റെ തുടക്കം മുതൽ ഈ രീതി മാറി. ഭരണപക്ഷവും പ്രതിപക്ഷവും 'ഇടകലർന്ന് ' ഇരിക്കാൻ തുടങ്ങി. ഭരണപക്ഷാംഗങ്ങൾ തന്നെ ചെയർമാന്റെ ഇടതുവലതു ഭാഗങ്ങളിലെ ആദ്യ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചതോടെ പ്രതിപക്ഷാംഗങ്ങൾക്ക് 'ഒതുങ്ങേണ്ടി ' വന്നു . കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗം ചേരുന്നതിന് തൊട്ടുമുമ്പ് ചെയർമാന്റെ ചെയർ റൂമിലേക്കു ചെന്ന പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി തങ്ങൾക്ക് മാത്രമായി ഏതെങ്കിലും ഒരു ഭാഗത്തെ സീറ്റുകൾ ക്രമീകരിക്കണമെന്നും ഇതാണ് വർഷങ്ങളായുള്ള കീഴ്വഴക്കമെന്നും ചെയർമാൻ ആന്റോ ജോസിനോടു പറഞ്ഞു.
മുഴുവൻ ഭരണപക്ഷാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉയർത്തിയത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ അപ്പോൾ തന്നെ അംഗീകരിച്ച ചെയർമാൻ, പ്രതിപക്ഷം ഏതു ഭാഗം വേണമെങ്കിലും എടുത്തോളൂ എന്നു മറുപടി പറഞ്ഞു. ചെയർമാൻ തീരുമാനിച്ച് തന്നാൽ മതി എന്നായി പ്രതിപക്ഷ നേതാവ് . ഉടൻ തന്നെ ഭരണപക്ഷക്കാരുമായി ആന്റോ ജോസ് ആലോചിച്ചു.
മുൻ കീഴ് വഴക്കമനുസരിച്ച് മുമ്പൊക്കെ പ്രതിപക്ഷാംഗങ്ങൾ ഇരുന്ന ചെയർമാൻ കസേരയുടെ ഇടതുഭാഗം മതി തങ്ങൾക്കെന്നായി വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്. ഭരണപക്ഷത്തെ തന്നെ ചില വനിതാ കൗൺസിലർമാർ സിജി പ്രസാദിന്റെ അഭിപ്രായത്തോടു ആദ്യം യോജിച്ചില്ലെങ്കിലും ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഇതിനു വഴങ്ങി. അങ്ങനെ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നിരയ്ക്കായി നീക്കിയിട്ട കസേരകളിൽ ഭരണപക്ഷവും ഭരണപക്ഷത്തിനു നിശ്ചയിച്ചിരുന്ന ഇരിപ്പിടങ്ങളിൽ പ്രതിപക്ഷാംഗങ്ങളും ഇരുന്നു. സ്വന്തം പക്ഷക്കാരെ കാണണമെങ്കിൽ ചെയർമാൻ ഇടത്തോട്ടു നോക്കേണ്ട സ്ഥിതി. 'ചെയർമാന് ഇടത്തേക്കാണ് ചായ്‌വ് ' പ്രതിപക്ഷത്തെ ആരോ പറഞ്ഞു. ' 'ഞാൻ ഇടതുപക്ഷക്കാരനാണ് ' ......ഉരുളയ്ക്കുപ്പേരി പോലെ ചെയർമാൻ ആന്റോ ജോസിന്റെ മറുപടിയിൽ, പക്ഷമില്ലാതെ കൗൺസിലർമാർക്കിടയിൽ പൊട്ടിച്ചിരി ഉയർന്നു.