പാലാ: 'ഹര ഹരോ ' മന്ത്രധ്വനികൾ മുഴങ്ങിയ ശുഭമുഹൂർത്തത്തിൽ ഇടപ്പാടി ആനന്ദഷൺമുഖ ഭഗവാന് ഉത്സവക്കൊടിയേറ്റം.
ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് തന്ത്രി ജ്ഞാനതീർത്ഥ സ്വാമികൾ, മേൽശാന്തി വൈക്കം സനീഷ് ശാന്തി എന്നിവർ ചേർന്ന് കൊടിയേറ്റി. ക്ഷേത്രം ഭാരവാഹികളായ അഡ്വ. കെ.എം സന്തോഷ് കുമാർ, എം.എൻ ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ തുടങ്ങിയവരുടെയും നിരവധി ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റ്. ഇടപ്പാടി ഷണ്മുഖപ്രിയ ഭജനസംഘം ഭജന അവതരിപ്പിച്ചു. കൊടിയേറ്റിന് ശേഷം പുഷ്പാഭിഷേകം നടന്നു. ഇന്ന് രാവിലെ 8.30ന് രഥത്തിൽ കാഴ്ചശ്രീബലി എഴുന്നള്ളത്ത്, 9ന് കലശവും കലശാഭിഷേകവും. വൈകിട്ട് 6ന് കാഴ്ചശ്രീബലി, 6.45ന് ദീപാരാധന, 7.15ന് വിളക്കിനെഴുന്നള്ളത്ത്, 8ന് അത്താഴപൂജ. 27ന് പള്ളിനായാട്ട്, രാവിലെ 8.30ന് കാഴ്ചശ്രീബലി, പറയെടുപ്പ്. 9ന് ശ്രീഭൂതബലി, കലശം, കലശാഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.45ന് വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന, 11ന് പള്ളിനായാട്ട് പുറപ്പാട്, 11.30ന് പള്ളിക്കുറുപ്പ്.
28ന് രാവിലെ 11ന് കാവടി അഭിഷേകം, 2.30ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 4ന് വിലങ്ങുപാറ കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട്‌സദ്യ, 5ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രകവാടത്തിൽ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപ്പൂജ, ദീപാരാധന തുടർന്ന് ആറാട്ട് വരവ് ആറാട്ട് വിളക്ക്, വലിയകാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, കലശം, മംഗളാരതി.
പള്ളിവേട്ടയ്ക്കും ആറാട്ടിനും ഇത്തവണ ആനയെഴുന്നള്ളത്ത് ഉണ്ടായിരിക്കില്ല. ഇതിനുപകരം ഭഗവാനെ പ്രത്യേകം പല്ലക്കിലാണ് എഴുന്നള്ളിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആറാട്ട് ദിവസം രാവിലെ 10 മുതൽ 1വരെ കാവടി വഴിപാടിന് സൗകര്യമുണ്ടായിരിക്കും.