കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം
പുതിയ കാത്ത് ലാബ്, സി.ടി സ്‌കാനർ വാങ്ങാൻ മന്ത്രിയുടെ നിർദേശം
കോട്ടയം : മികവിന്റെ കേന്ദ്രമായി മാറുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പാക്കിയ 91.85 കോടിയുടെ 29 വികസന പദ്ധതികളുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. 55.85 കോടിയുടെ 28 പദ്ധതികൾ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് അവലോകന യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു.
കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ടമായി അനുവദിച്ച 36 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും അടുത്തമാസം നടക്കും. കാർഡിയാക്, അനസ്‌തേഷ്യ, ഗ്യാസ്‌ട്രോ സർജറി, എമർജൻസി മെഡിസിൻ വിഭാഗങ്ങൾ പൂർണതോതിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് മെഡിക്കൽ കോളേജിലെ കാർഡിയോളജി, കാർഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി.മോഹനൻ, സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, എൻ.എച്ച്.എം. ചീഫ് എൻജിനിയർ അനില, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ദിലീപ്, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, എച്ച്.എൽ.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പദ്ധതികൾ ഇവ
ഹൗസ് സർജൻസ് ക്വാർട്ടേഴ്‌സ്,
കുട്ടികളുടെ ആശുപത്രി
750 കെ.വി.യുടെ പുതിയ ജനറേറ്റർ
ലോക്കൽ ഒ.പി. വെയിറ്റിംഗ് ഏരിയ
നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ
പുതിയ മെഡിക്കൽ വാർഡ്
നവീകരിച്ച മെഡിക്കൽ ആന്റ് ജെറിയാട്രിക് ഒ.പി
ക്ലോത്ത് വാഷിംഗ് ആൻഡ് ഡ്രൈിയിംഗ് യാർഡ്
വേസ്റ്റ് കളക്ഷൻ സെന്റർ, പി.എം.ആർ. ബ്ലോക്കിലെ ലിഫ്റ്റ്
കുട്ടികളുടെ ആശുപത്രി കാന്റീൻ
പുതിയ പി.സി.ആർ. ലാബ്
ഭിന്നശേഷിക്കാർക്കുള്ള റാംപ്
കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തിയേറ്റർ