കട്ടപ്പന: അഞ്ചുവർഷമായി ജില്ലയിൽ പ്രവർത്തിച്ചുവരുന്ന സാമൂഹിക, സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്സ് ഒഫ് കട്ടപ്പനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനായി ഫ്രണ്ട്സ് ഓഫ് കേരള കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. സംഘടനയുടെ ചേന്നാട്ടുമറ്റം ജംഗ്ഷനിലുള്ള ആഫീസിന്റെയും സെമിനാർ ഹാളിന്റെയും ഉദ്ഘാടനം 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിക്കും. അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം കട്ടപ്പന നഗരസഭ കൗൺസിലർ സിജോമോൻ ജോസ്, എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, കട്ടപ്പന മാദ്ധ്യമ പ്രവർത്തക കൂട്ടായ്മ പ്രസിഡന്റ് തോമസ് ജോസ് എന്നിവർ നിർവഹിക്കും. സംഘടനയുടെ വെബ്‌സൈറ്റും പ്രകാശനം ചെയ്യും. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തിനിടെ 1.2 കോടി രൂപയുടെ ചികിത്സാ ധനസഹായവും ലോക്ക് ഡൗൺ കാലത്ത് നൂറിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ, ടെലിവിഷൻ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും കമ്മിറ്റികളും വിദേശരാജ്യങ്ങളിൽ സംഘടനയുടെ ചാപ്ടറുകളും പ്രവർത്തിച്ചുവരുന്നതായി രക്ഷാധികാരി കെ.വി. വിശ്വനാഥൻ, പ്രസിഡന്റ് അഡ്വ. ജോഷി മണിമല, ട്രഷറർ ബിജോയി സ്വരലയ, വൈസ് പ്രസിഡന്റുമാരായ സിജോ എവറസ്റ്റ്, സൈജോ ഫിലിപ്പ് എന്നിവർ അറിയിച്ചു.