അടിമാലി: പുലിയെ കൊന്ന് കറിവച്ച മാങ്കുളത്തെ നായാട്ട് സംഘം മുമ്പും മുള്ളൻപന്നിയടക്കമുള്ള മൃഗങ്ങളെ വേട്ടയാടിയിരുന്നതായി വനംവകുപ്പിന് മൊഴി നൽകി. രണ്ട് വർഷം മുമ്പ് ഒന്നാംപ്രതി വിനോദിന്റെ നേതൃത്വത്തിൽ സംഘം മുള്ളൻപ്പന്നിയെ കെണിവച്ച് പിടിച്ച് കറിവച്ച് കഴിച്ചിരുന്നു. സംഘം പുലിയെ കെണിവച്ച് പിടിച്ചത് തോലും നഖവുമടക്കം വിൽക്കാൻ ലക്ഷ്യമിട്ടായിരുന്നു. പുലിയെ പിടിക്കാനായി നിർമ്മിച്ച ഇരുമ്പ് കേബിൾ കെണി പ്രതികൾ നായാട്ട് നടത്തിയിരുന്നുവെന്നതിന് തെളിവാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വെള്ളിയാഴ്ചയാണ് മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ് (45), ബേസിൽ ഗാർഡന്‍ വി.പി. കുര്യാക്കോസ് (74), പെരുമ്പൻകുത്ത് ചെമ്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസെന്റ് (50) എന്നിവരെ വനപാലകർ അറസ്റ്റ് ചെയ്തത്. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ സമർപ്പിച്ചു. മുനിപാറ കൊള്ളികൊളവിൽ വിനോദിന്റെ വീട്ടിൽ വളർത്തുമൃഗങ്ങളെ ഒരാഴ്ച മുമ്പ് പുലി കടിച്ച് കൊന്നിരുന്നു. തുടർന്ന് ഒന്നാം പ്രതി വിനോദും രണ്ടാം പ്രതി കുര്യാക്കോസും ചേർന്ന് പുലിയെ പിടിക്കുന്നതിനായി കമ്പി കൊണ്ടുള്ള കെണി ഒരുക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കെണിയിൽ വീണ പുലിയെ ഇരുവരും ചേർന്ന് കൊല്ലുകയായിരുന്നു. മറ്റ് മൂന്നു പ്രതികളായ സുഹൃത്തുക്കൾക്ക് മാംസം നൽകി. എന്നാൽ വിനോദ് പുലിത്തോൽ ഉണങ്ങാൻ വീടിന് പുറത്ത് സൂക്ഷിച്ചിരുന്നത് നാട്ടുകാരിൽ ഒരാൾ ഫോട്ടോ എടുത്ത് വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചത് വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് പ്രതികൾ വനപാലകരുടെ വലയിലായത്. പുലിയെ വേട്ടയാടി ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായാണ് ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്.