coffy

കോട്ടയം: പുലര്‍ച്ചെ ഒരു ഗ്ലാസ് കട്ടന്‍ കാപ്പി കിട്ടിയെങ്കിലേ പലർക്കും ഉണര്‍വുള്ളൂ. എന്നാല്‍, നാടൻ കാപ്പിയും അതിനുള്ള കാപ്പിക്കുരുവുമൊന്നും ഇനി അധികകാലം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഉത്പാദിപ്പിക്കുന്ന കാപ്പിക്കുരു വില്‍ക്കാന്‍ വിപണി കണ്ടെത്താനാകാതെയും വിലയില്ലാതെയും ദുരിതത്തിലാണ് ജില്ലയിലെ കാപ്പി കര്‍ഷകര്‍. മദ്ധ്യകേരളത്തില്‍ കാപ്പിപ്പൊടി കൂടുതലായി ഉപയോഗിക്കുമ്പോഴും കാപ്പിക്കുരുവിനും കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
സംസ്ഥാന ബഡ്ജറ്റില്‍ കാപ്പിക്കുരുവിന് 90 രൂപ തറവില പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ ഗുണം ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മേലുകാവ്, പാമ്പാടി, എരുമേലി, മണിമല, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ മേഖലകളിലാണ് ജില്ലയില്‍ കാപ്പി ഉത്പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ പാലാ, പൂഞ്ഞാര്‍ മേഖലകളിലും. സംസ്ഥാനത്തെ കണക്കെടുക്കുകയാണെങ്കിലൽ വയനാട്, കുടക്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഉല്‍പാദനം. ജില്ലയിലെ റബര്‍തോട്ടങ്ങളിലും പുരയിടങ്ങളിലും കാപ്പിക്കുരു ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടക്കുന്നത്.


സംഭരണകേന്ദ്രമില്ല

കാപ്പിക്കുരു സംഭരിക്കാനുള്ള യാതൊരു സംവിധാനവും ജില്ലയിലില്ല. മുന്‍പ് കോഫി ബോര്‍ഡിന്റെ നേതൃത്വത്തിൽ സംഭരിച്ചിരുന്നു. എന്നാല്‍ പിന്നീട് നിര്‍ത്തലാക്കി. ഈ സാഹചര്യത്തിൽ കാപ്പിപ്പൊടി നിര്‍മിക്കുന്ന ചെറിയ കമ്പനികള്‍ക്കാണ് കര്‍ഷകര്‍ കാപ്പിക്കുരു നല്‍കിയിരുന്നത്. എന്നാല്‍ ഈ കമ്പനികളും ഇപ്പോൾ നാടൻ കാപ്പിക്കുരു സ്വീകരിക്കുന്നില്ല. മറ്റ് സ്ഥലങ്ങളില്‍നിന്ന് വിലയും നിലവാരവും കുറഞ്ഞ കാപ്പിക്കുരു കൊണ്ടുവരുകയാണ്.
വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിക്കാണ് നിലവില്‍ സംഭരണാനുമതി ഉള്ളത്. അതും സൊസൈറ്റിയില്‍ അംഗങ്ങളായവര്‍ക്ക് മാത്രമേ കൊടുക്കാനാവൂ.


വിലയിൽ വൻ ഇടിവ്

91ല്‍ ഒരു കിലോ കാപ്പിക്കുരുവിന് 150 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 50 രൂപയില്‍ താഴെ മാത്രമാണ്. ചെറിയതോതിൽ കാപ്പിക്കുരു വറുത്ത് കുത്തി പൊടിച്ച് വില്ക്കുമ്പോള്‍ 300 രൂപയെങ്കിലും ലഭിച്ചാലേ കര്‍ഷകന് ഗുണമുള്ളൂ. നിലവിൽ ഒരു കിലോ കാപ്പിപ്പൊടിയുടെ വില 280 രൂപയാണ് . നാടന്‍ കാപ്പി, റോബസ്റ്റ, പുതിയ ഇനം കാപ്പികള്‍ ഇവ വിപണിയിലുണ്ട്. കമ്പനികള്‍ വില്ക്കുന്ന കാപ്പിപ്പെടിയില്‍ കടുപ്പം കൂട്ടാനായി തിപ്പൊലി എന്ന തവിട് മാതൃകയിലുള്ള വസ്തു കൂടി ചേര്‍ത്തും കൃത്രിമം കാട്ടിയുമാണ് വില്ക്കുന്നതെന്ന് ആരോപണമുണ്ട്.

 ഒരു കിലോ കാപ്പിക്കുരുവിന്

91ല്‍ 150 രൂപ

തറവില 90 രൂപ

കിട്ടുന്നത് 50 രൂപ

ജില്ലയിലെ കാപ്പിക്കുരു ഉത്പാദന മേഖലകൾ

മേലുകാവ്,

പാമ്പാടി,

എരുമേലി,

മണിമല,

കറുകച്ചാല്‍,

കാഞ്ഞിരപ്പള്ളി,

പാലാ,

പൂഞ്ഞാര്‍

'റബറിനു വേണ്ടിയും മറ്റും മുറവിളി കൂട്ടാൻ ഒട്ടേറെ പേരുണ്ട്. എന്നാൽ കാപ്പി കർഷകനെ സംബന്ധിച്ച് വാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. കാപ്പിക്കുരു സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം'

- എബി ഐപ്പ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി