കട്ടപ്പന: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ച് കേന്ദ്ര സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്നരുടെ താത്പര്യം സംരക്ഷിക്കുമ്പോൾ കൃഷിക്കാരും സാധാരണക്കാരും പാർശ്വവത്കരിക്കപ്പെടുന്നു. പ്രതിപക്ഷ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചും പ്രതിഷേധങ്ങളെ അടിച്ചമർത്തിയും മോദിക്ക് പഠിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പറുദീസയാക്കി കേരളത്തെ മാറ്റിയ മുഖ്യമന്ത്രിയെന്ന നിലയിലാകും പിണറായി ചരിത്രത്തിലിടം പിടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്, മാത്യു സ്റ്റീഫൻ, മനോജ് മുരളി, ജോസ് ഊരക്കാട്ടിൽ, അഡ്വ. തോമസ് പെരുമന, എസ്.ടി. അഗസ്റ്റിൻ, കെ.ബി. സെൽവം, എം.ഡി. അർജുനൻ, ഫിലിപ്പ് മലയാറ്റ്, നോബിൾ ജോസഫ്, വിജയകുമാർ മറ്റക്കര, പി.ഡി. ശോശാമ്മ, വർഗീസ് പെട്ടിയാങ്കൽ, അഡ്വ. എബി തോമസ്, ബീന ജോബി, തോമസ് മൈക്കിൾ, ജോയി ഈഴക്കുന്നേൽ എന്നിവർ പങ്കെടുത്തു.