ഇളങ്ങുളം: ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവം 27 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടമൊഴിവാക്കി ക്ഷേത്രചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ്, സെക്രട്ടറി ഡി.കെ.സുനിൽകുമാർ, ഖജാൻജി പി.എസ്.ഷാജി എന്നിവർ പറഞ്ഞു.

27ന് രാവിലെ 10ന് കളഭാഭിഷേകം, വൈകിട്ട് 6ന് കിഴക്കേടത്ത് അനിൽകുമാർ കൊടിക്കൂറയും കൊടിക്കയറും സമർപ്പിക്കും. 7.45ന് തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട്, മേൽശാന്തി കിഴക്കേയില്ലം അനിൽനമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്.

30 വരെ ദിവസവും രാവിലെ 9ന് ശ്രീഭൂതബലി. 31ന് പള്ളിവേട്ട ഉത്സവം. 9ന് ശ്രീബലി, 5.30ന് കാഴ്ചശ്രീബലി, പാമ്പാടി സോമസുന്ദരവും സംഘവും നാദസ്വരക്കച്ചേരിയും രാധാകൃഷ്ണമാരാരും സംഘവും ചെണ്ടമേളവും അവതരിപ്പിക്കും. രാത്രി 10ന് പള്ളിവേട്ടയെഴുന്നള്ളത്ത്.

ഫെബ്രുവരി 1ന് ആറാട്ടുത്സവം. വൈകിട്ട് 4.30ന് ആറാട്ടുബലിക്ക് ശേഷം വെള്ളാങ്കാവ് ആറാട്ടുകുളത്തിലേക്ക് എഴുന്നള്ളത്ത്. 7ന് ക്ഷേത്രസന്നിധിയിൽ ആറാട്ട് എതിരേൽപ്പ്. 2ന് ഉപദേവാലയമായ മരുതുകാവിൽ ഉത്സവം. വൈകിട്ട് 6.45ന് പുഷ്പാഭിഷേകം, 7.30ന് വണികവൈശ്യസംഘം 78ാം നമ്പർ ശാഖയുടെ കുംഭകുടനൃത്തം.